രാമ ക്ഷേത്രനിർമ്മാണത്തിന്റെ ഭാഗമായി ഭൂമിപൂജ ഇന്ന്; പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടും

അയോദ്ധ്യ: രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭാഗമായി അയോധ്യയിൽ ഭൂമിപൂജ ഇന്ന്. രാവിലെ എട്ടിന് ആരംഭിക്കുന്ന ഭൂമിപൂജ ചടങ്ങ് ഉച്ചയ്ക്ക് 2 വരെ നീളും. ശിലാസ്ഥാപനപൂജ നടക്കുന്നത് ഉച്ചയ്ക്ക് 12 :30 ഓടെയാണ്. 12:40 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നിർവഹിക്കും. ഇതിനായി രാവിലെ 10 :35 ലക്നോ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി 11: 30 ഓടെ അയോധ്യയിലെ സാകേത് ഡിഗ്രി കോളേജ് ഹെലിപാഡിലേക്ക് പറക്കും. അവിടെനിന്നും ഹനുമാൻ ഗർഹി ക്ഷേത്ര സന്ദർശനത്തിനുശേഷം രാമജന്മഭൂമിയിലെത്തി രാംലല്ല ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുകയും ചെയ്യും. തുടർന്ന് അയോധ്യയിലേക്ക് ഭൂമി പൂജയ്ക്കായി നീങ്ങും. ഭൂമി പൂജയ്ക്കുശേഷം സദസ്സിനെ അഭിസംബോധന ചെയ്യും.

അയോധ്യാ ക്ഷേത്രത്തിന്റെ സമീപപ്രദേശങ്ങളിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും അയോധ്യ ഡിഐജി ദിലീപ് കുമാർ പറഞ്ഞു. അയോദ്ധ്യ ഭാഗത്തേക്കുള്ള എല്ലാ വഴികളും അടച്ചിരിക്കുകയാണ്, ശക്തമായ രീതിയിലുള്ള പരിശോധനകൾക്ക് ശേഷം മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. പ്രധാനമന്ത്രി നരേന്ദ്രമോദി, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ മാത്രമായിരിക്കും വേദിയിൽ ഉണ്ടാവുക. കൂടാതെ വേദി പങ്കെടുക്കുന്നവർ ആറടി അകലം പാലിക്കുന്നതിനുവേണ്ടിയുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.