ഡൽഹി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി രാജ്യത്തു ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളോട് ക്ഷമ ചോദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി. നിലവിലത്തെ സാഹചര്യത്തിൽ ഇന്ത്യ മാത്രമല്ല ലോകം മുഴുവൻ കോവിഡ് വൈറസിനെ പ്രതിരോധിക്കാനായുള്ള നെട്ടോട്ടത്തിലാണ്. ആ സാഹചര്യത്തിൽ നമുക്ക് കടുത്ത തീരുമാനങ്ങൾ എടുക്കാതെ നിവർത്തിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കൊറോണയെ പ്രതിരോധിക്കാൻ ക്വറന്റൈൻ അല്ലാതെ മറ്റു മാർഗ്ഗമില്ലെന്നും ഈ യുദ്ധം എന്തുവില കൊടുത്തും ജയിച്ചേ പറ്റുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് വരെ ആരും ലക്ഷ്മണരേഖ മുറിച്ചു കടക്കരുതെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. അത്തരത്തിലുള്ള ലംഘനങ്ങൾ വൈറസിന്റെ വ്യാപ്തി കൂടുന്നതിന് സഹായകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.