ഡൽഹി: ലഡാക്കിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള സംഘർഷ മേഖലയിൽ അതിക്രമിച്ചു കയറിയ ചൈനീസ് സൈന്യം പൂർണമായും പിന്മാറില്ലെന്ന് റിപ്പോർട്ട്. സൈനിക പിൻ മാറ്റത്തിനായി നയതന്ത്ര സൈനിക തലങ്ങളിൽ പലതവണകളായി ചർച്ച നടത്തിയെന്നും എന്നാൽ ചൈന പൂർണ്ണമായും പിന്മാറാൻ തയ്യാറായിട്ടില്ലെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്. നാൽപതിനായിരത്തോളം ചൈനീസ് സൈനികർ നിലവിൽ കിഴക്കൻ മേഖലയിൽ ഉണ്ടെന്നാണ് ഇന്ത്യൻ സൈനിക വൃത്തങ്ങൾ പറയുന്നത്. ഡെപ്സംഗ് സമതല മേഖലയിലും പാങ്ഗോംഗ് സോ തടാകമേഖലയിലും ഫിംഗേർസ് മേഖലയിലും ചൈനീസ് സൈനികർ തുടരുകയാണ്.
ദീർഘദൂര ശേഷിയുള്ള പീരങ്കികളും വ്യോമവേധ മിസൈലുകളും മറ്റുമായാണ് ചൈനീസ് സൈനികർ മേഖലയിൽ തുടരുന്നത്. അതിർത്തിയിൽ നിന്നും പിന്മാറുന്നതിന്റെ ഭാഗമായി ജൂലൈ 14, 15 തീയതികളിൽ നാലാം റൗണ്ട് സൈനികതല ചർച്ചകൾ നടന്നിരുന്നു. അതിർത്തിയിൽ നിന്നും പിന്മാറുന്നതായി വിദേശകാര്യമന്ത്രി തല പ്രത്യേക പ്രതിനിധി ചർച്ചകളെല്ലാം ധാരണയായിരുന്നു. എന്നാൽ ചൈന വാക്കു പാലിക്കുന്നില്ലെന്നാണ് ഇന്ത്യൻ സൈനിക സർക്കാർ വൃത്തങ്ങൾ പറയുന്നത്.