ലഹരി ഇടപാട് കേസുമായി ബന്ധപ്പെട്ട് സിനിമാതാരം രാഗിണി ദ്വിവേദിയെ ബാംഗ്ലൂർ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

ബാംഗ്ലൂർ: ലഹരിയുടെ ഇടപാട് കേസുമായി ബന്ധപ്പെട്ട് സിനിമാതാരം രാഗിണി ദ്വിവേദിയെ ബാംഗ്ലൂർ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. രാഗിണിയുടെ ബാംഗ്ലൂർ യലഹങ്കയിലുള്ള ഫ്ലാറ്റിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഗിണിയുടെ അടുത്ത സുഹൃത്തായ രവിശങ്കറിനെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖരെയും ചോദ്യം ചെയ്തേക്കാമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ചോദ്യം ചെയ്യലിനായി രാഗിണി കൂടുതൽ സമയം നീട്ടി ചോദിച്ചെങ്കിലും ഇത് നിഷേധിച്ചുകൊണ്ട് ബാംഗ്ലൂർ സെൻട്രൽ ക്രൈംബ്രാഞ്ച് ഇന്ന് രാവിലെ നടിയുടെ ഫ്ലാറ്റിൽ റെയ്ഡ് നടത്തുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തനിക്ക് ലഹരിമാഫിയയുമായി യാതൊരു തരത്തിലുമുള്ള ബന്ധമില്ലെന്നും ഉന്നയിക്കുന്ന ആരോപണങ്ങളിൽ അർത്ഥമില്ലെന്നുമാണ് നടി ഇന്നലെ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നത്. നടിയുടെ സുഹൃത്തായ രവിശങ്കറിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് നടി ട്വിറ്ററിൽ തനിക്ക് ഇതിൽ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടി കുറിപ്പ് പങ്കുവെച്ചിരുന്നത്. സിനിമാ മേഖലകളിൽ പ്രവർത്തിക്കുന്ന മറ്റു പല പ്രമുഖർക്കും ലഹരിമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും രവിശങ്കറിന് ഇതിൽ മുഖ്യ പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

Also Read  മഹാരാഷ്ട്രയിൽ രണ്ടു സന്യാസിമാരെ കൊ-ലപ്പെടുത്തി: സംസ്ഥാനത്ത് സന്യാസിമാരുടെ കൊ-ലപാതകം വർധിച്ചുവരുന്നു

കൂടാതെ നടിയും മോഡലുമായ സഞ്ജന ഗൽറാണിയോടും ചോദ്യം ചെയ്യലിന് ഭാഗമായി ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരുടെ സഹായിയായ ആളാണ് കസ്റ്റഡിയിലായതെന്നും സൂചനകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ചുള്ള കാര്യത്തിൽ ക്രൈംബ്രാഞ്ച് സ്ഥിരീകരണം നടത്തിയിട്ടില്ല. കന്നഡ സിനിമ മേഖലകളിൽ പ്രവർത്തിക്കുന്ന പന്ത്രണ്ടോളം പ്രമുഖരെകൂടി ചോദ്യംചെയ്യലിന്റെ ഭാഗമായി ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുമെന്നാണ് പുറത്തുവരുന്ന വിവരം.