ലൈഫ് മിഷൻ കമ്മീഷൻ തട്ടിയതിൽ സ്വപ്‍ന സുരേഷിനൊപ്പം മന്ത്രിയുടെ മകനും പങ്ക് ?

കോഴിക്കോട്: ലൈഫ് മിഷൻ പദ്ധതിയിലൂടെ കമ്മീഷനായി നാലുകോടി രൂപ പോയെന്നു കരുതിയ സംഭവത്തിൽ തുക പങ്കുപറ്റിയവരിൽ സംസ്ഥാനത്തെ മുതിർന്ന മന്ത്രിയുടെ മകനും ഉള്ളതായി കേന്ദ്ര അന്വേഷണ ഏജൻസിക്ക് സൂചന ലഭിച്ചു. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷും മന്ത്രിയുടെ മകനും തമ്മിൽ അടുത്ത സൗഹൃദം വെളിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ പ്രമുഖ സിനിമാതാരങ്ങളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ മുറിയിൽ വെച്ചുള്ള ചിത്രങ്ങളാണ് ലഭിച്ചതന്നാണ് കരുതുന്നത്.

ഇത് സംബന്ധിച്ചുള്ള കാര്യത്തിൽ പരിശോധന നടത്തി വരികയാണ്. സ്വപ്ന സുരേഷുമായുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട് തെളിവുകൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ മന്ത്രിയുടെ മകനെയും ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ലൈഫ് മിഷൻ പദ്ധതിയുടെ ഇടപാടുമായി ബന്ധപ്പെട്ട് നാലു കോടി രൂപയോളം കമ്മീഷനായി കൈമാറിയതിൽ പങ്ക് ഈ ആൾക്ക് ഉണ്ടെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. മന്ത്രി ദുബായിൽ ഒരു യോഗത്തിന് പങ്കെടുക്കാൻ പോകുന്നതിനു മുമ്പ് ആയിരുന്നു ഇടപാട് നടന്നത് എന്നാണ് കരുതുന്നത്. സ്വപ്ന സുരേഷിനൊപ്പം മന്ത്രി പുത്രനും മറ്റൊരു ഇടനിലക്കാരനും ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നു. ആദ്യം കൈമറിഞ്ഞ് രണ്ടു കോടി രൂപയിൽ 3000000 മൂന്നാമന് നൽകാമെന്നായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്.

എന്നാൽ ഇക്കാര്യം മന്ത്രി പുത്രൻ ലംഘിച്ചതിനെ തുടർന്നാണ് ചിത്രങ്ങൾ പുറത്ത് വന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇതിലെ ചില ചിത്രങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. ലൈഫ്മിഷൻ ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തിൽ യൂണിടാക്കിന്റെയും റെഡ് ക്രസ്റ്റിന്റെയും ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നത് മന്ത്രി പുത്രനാണെന്ന് അന്വേഷണസംഘം കരുതുന്നത്. തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രധാനമായും മൂന്ന് കേന്ദ്രഏജൻസികളാണ് അന്വേഷിക്കുന്നത്. കേന്ദ്രസർക്കാർ ഏജൻസികളായ എൻ ഐ എ, കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവരാണ് അന്വേഷണം നടത്തുന്നത്. സ്വപ്ന സുരേഷുമായി മന്ത്രി പുത്രനുള്ള ബന്ധം വെളിപ്പെടുത്തുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടന്നാണ് ലഭിക്കുന്ന വിവരം.