ലോക്ക് ഡൗണിന്റെ മറപറ്റി വിദ്യാർത്ഥികളിൽ ഡിജിറ്റൽ വിദ്യാഭ്യാസം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് സിപിഎം

ഡൽഹി: വിദ്യാഭ്യാസ മേഖലയെ ഡിജിറ്റൽ വൽക്കരിക്കുന്ന സംഭവത്തെ ശക്തമായി എതിർക്കുന്നുവെന്ന് നിലപാട് വ്യെക്തമാക്കി സിപിഎം. ഓൺലൈൻ സംവിധാനമുള്ള ഇടങ്ങളിലെ വിദ്യാർത്ഥികൾക്ക് മാത്രമേ ഇതിലൂടെ ഗുണം ലഭിക്കുകയുള്ളെന്നും സിപിഎമ്മിന്റെ പിബി പ്രസ്താവനയിൽ പറയുന്നു. ലോക്ക് ഡൗണിന്റെ മറവിൽ കൊണ്ട് വിദ്യാർത്ഥികളിൽ ഡിജിറ്റൽ വിദ്യാഭ്യാസം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പാർട്ടി നേതൃത്വം കുറ്റപ്പെടുത്തി.

ലോക്ക് ഡൗൺ മൂലം വിദ്യാഭ്യാസമേഖലയെ തന്നെ താറുമാറാക്കിയിരിക്കുകയാണെന്നും അതിന്റെ മറപറ്റികൊണ്ട് പാർലമെന്റ് അംഗീകരിക്കാത്ത തരത്തിലുള്ള വിദ്യാഭ്യാസനയം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നടന്നു കൊണ്ടിരിക്കുക്കതെന്നും പിബി പ്രസ്താവനയിൽ പറഞ്ഞു. ഡിജിറ്റൽ രംഗത്തുള്ള വിഭജനം വിദ്യാഭ്യാസ മേഖലയിലേക്ക് വലിച്ചിഴക്കരുതെന്നും സ്കൂളുകളിലും കോളേജുകളിലും വേണ്ടുന്നത് പരമ്പരാഗതരീതിയിലുള്ള വിദ്യാഭ്യാസമാണെന്നും അല്ലാതെ ഇത്തരത്തിൽ ഡിജിറ്റൽ വിദ്യാഭ്യാസം ഏർപ്പെടുത്തുന്നതിനെ പാർട്ടി ശക്തമായ രീതിയിൽ എതിർക്കുന്നുവെന്നും നിലപാട് വ്യക്തമാക്കി.

Also Read  സോണിയയുടെയും രാഹുൽ ഗാന്ധിയുടെയും പൗരത്വം നഷ്ടമായേക്കുമെന്നു സുബ്രമണ്യൻ സ്വാമി

രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് താൽക്കാലികമായ രീതിയിലുള്ള ഡിജിറ്റൽ വിദ്യാഭ്യാസത്തെ അംഗീകരിക്കാമെന്നും എന്നാൽ ഇത് മുന്നോട്ട് ആവർത്തിച്ചാൽ അംഗീകരിക്കാനാവില്ലെന്നുമാണ് പാർട്ടിയുടെ അഭിപ്രായം. കൂടാതെ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനു വേണ്ടി കേരള സർക്കാർ ചെയ്തിട്ടുള്ള പ്രവർത്തനങ്ങളെ പൊളിറ്റ്ബ്യൂറോ അഭിനന്ദിക്കുകയും ചെയ്തു. കേരളത്തിന്റെ ശ്രദ്ധേയമായ രീതിയിലുള്ള പ്രവർത്തനത്തെ ഉൾക്കൊള്ളാനോ അംഗീകരിക്കാനോ കേന്ദ്രം തയ്യാറായില്ലെന്നും പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.