ലോക്ക് ഡൗൺ ലംഘിച്ചു സമ്മേളനം: ചന്ദ്രശേഖർ ആസാദടക്കം 500 ഓളം പേർക്കെതിരെ കേസെടുത്തു

ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ട് പൊതു സമ്മേളനം നടത്തിയ സംഭവത്തിൽ ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ്, ദേശീയ പ്രസിഡണ്ട് വിനയ് രത്തൻ തുടങ്ങിയ 500 ഓളം പേർക്കെതിരെ സഹാറൻപൂർ
പോലീസ് കേസെടുത്തു. ലോക്ക് ഡൗൺ ലംഘനവും പകർച്ചവ്യാധി നിയമത്തിലെ വകുപ്പുകളും അനുസരിച്ചാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.

കഴിഞ്ഞ ചൊവ്വാഴ്ച ഭീം ആർമി ഭാരത് ഏകതാ മിഷന്റെ ശിലാദിനത്തിന്റെ ഓർമ്മയ്ക്കായി സർദാർ ബസാർ പോലീസ് സ്റ്റേഷന് കീഴിലുള്ള ഡൽഹി റോഡിലെ ഒരു റസിഡൻഷ്യൽ കോളനിയിൽ വെച്ച് നടത്തിയ പൊതുസമ്മേളനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് നിരവധി ആളുകളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. പരിപാടി നടക്കുന്നതിന് ഒരു ദിവസം മുൻപ് പോലീസ് പാർട്ടി നേതാക്കളുമായി ചർച്ച നടത്തുകയും നോട്ടീസ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ചട്ടങ്ങളും നിർദ്ദേശങ്ങളുമെല്ലാം ലംഘിച്ചുകൊണ്ട് സമ്മേളനം നടത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

പരിപാടിയിൽ ചന്ദ്രശേഖർ അടക്കമുള്ള മറ്റ് നേതാക്കളും നിരവധി പ്രവർത്തകരും പങ്കെടുത്തിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പോലീസ് പകർത്തുകയും ഇതിൽ നിന്നും ആളുകളെ കണ്ടെത്തി അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കൂടാതെ പരിപാടിയിൽ പങ്കെടുത്തവരുടെ വാഹനങ്ങളുടെ രജിസ്റ്റർ നമ്പറിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.