ലോക്ക് ഡൗൺ: വാഹനപരിശോധയ്ക്കിടയിൽ യാത്രക്കാരനൊപ്പം മൂർഖൻ പാമ്പും: ഒടുവിൽ പോലീസ് പിടികൂടി

തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി നടക്കുന്ന വാഹന പരിശോധനയ്ക്കിടയിൽ ബൈക്ക് യാത്രക്കാരനൊപ്പം മൂർഖൻ പാമ്പിനെയും കണ്ടെത്തി. പാമ്പ് പിടുത്തക്കാരനായ മുതിയവിള സ്വദേശി രതീഷിന്റെ പക്കൽ നിന്നുമാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. മാറനല്ലൂർ പഞ്ചായത്തിലെ കണ്ടലയിലേ ഒരു വീട്ടിൽ കയറിയ പാമ്പിനെ പിടികൂടി തിരിച്ചു വരുന്ന വഴിയായിരുന്നു.

ലോക്ക് ഡൗൺ സമയത്ത് ബൈക്കുമായി കറങ്ങിയ രതീഷിനെ പിടികൂടി പോലീസ് ചോദ്യം ചെയ്തപ്പോളാണ് അദ്ദേഹം കാര്യം പറഞ്ഞത്. വനം വകുപ്പിന്റെ നിർദേശ പ്രകാരമാണ് പാമ്പിനെ പിടികൂടാനായി പോയതെന്നും പോലീസിന് മുൻപാകെ മതിയായ രേഖകളും രതീഷ് കാണിച്ചു. കുപ്പിയിൽ അടച്ചിരുന്ന പാമ്പിനെ കണ്ടപ്പോൾ ദേഷ്യത്തിലായിരുന്ന പോലീസ് ഒരു നിമിഷം ലോക്ക് ഡൗൺ കാര്യം പോലും മറന്നുപോയി. ഒടുവിൽ പോലീസുകൾ ഫോട്ടോ പിടിത്തവും മറ്റുമായി കൂടി. വനിതാ പോലീസ് അടക്കമുള്ളവർക്ക് പാമ്പിനെ കണ്ട് കൗതുകം തോന്നുകയുമുണ്ടായി.

12 വർഷത്തോളമായി ഔട്ടോ ഓടിച്ചാണ് രതീഷ് ജീവിക്കുന്നത്. കാട്ടാക്കട ജംഗ്ഷനിൽ വെച്ച് പോലീസ് ഇൻസ്‌പെക്ടർ ഡി ബിജുകുമാറും സംഘവുമാണ് രതീഷിനെ തടഞ്ഞത്. ശേഷം സത്യാവസ്ഥ അറിഞ്ഞതോടെ രതീഷിന്റെ മൊബൈൽ നമ്പറും അഡ്രസ്സും പോലീസ് ഉദ്യോഗസ്ഥർ വാങ്ങുകയും ഇത്തരത്തിൽ എവിടെയെങ്കിലും സേവനമാവശ്യമായി വന്നാൽ രതീഷിനെ വിളിക്കാമെന്നും അവർ പറഞ്ഞു.