വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെ മത്തായി മരിച്ചിട്ട് ഇന്നേക്ക് 14 ദിവസം; മൃതദേഹം സംസ്കരിക്കാതെ പ്രതിഷേധവുമായി ബന്ധുക്കൾ

പത്തനംതിട്ട: വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ചിറ്റാർ സ്വദേശി മത്തായിയുടെ മൃതദേഹം ദിവസങ്ങൾ കഴിഞ്ഞിട്ടും സംസാരിക്കാതെ ബന്ധുക്കളുടെ പ്രതിഷേധം തുടരുന്നു. കേസിൽ ആരോപണവിധേയരായിട്ടുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്നുള്ള ആവശ്യം കഠിപ്പിച്ചു കൊണ്ടാണ് മൃതദേഹം സംസ്കരിക്കാതെ കുടുംബം സമരം ചെയ്യുന്നത്. ജൂലൈ 28 ന് മത്തായിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് മത്തായിയുടെ കുടപ്പനയിലുള്ള ഫാമിന് സമീപത്തായുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മത്തായിയുടെ മരണത്തെ തുടർന്ന് രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് സസ്പെൻഷൻ നൽകിയിരുന്നു. ഭാര്യയും രണ്ടു മക്കളും വിധവയായ സഹോദരിയും അവരുടെ മക്കളും അരയ്ക്കുതാഴെ തളർന്ന സഹോദരിയും അടങ്ങുന്ന കുടുംബത്തിലെ ഏക അത്താണിയായിരുന്നു മത്തായി.

മത്തായിയുടെ മൃതദേഹം സംസ്കരിക്കുന്ന കാര്യം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ജനപ്രതിനിധികളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും സംയുക്തയോഗം ജില്ലാ ഭരണകൂടം വിളിച്ചെങ്കിലും തീരുമാനം ഉണ്ടായില്ല. മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായിയിട്ടുള്ള ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയെടുക്കാത്ത പക്ഷം പിന്നോട്ടില്ലെന്നുള്ള ഉറച്ച നിലപാടിൽ തന്നെയാണ് കുടുംബവും നാട്ടുകാരും. മത്തായി മരിച്ചിട്ട് 14 ദിവസം കഴിഞ്ഞിട്ടും മൃതദേഹം സംസ്കരിക്കാതെയുള്ള പ്രതിഷേധം അത്യപൂർവ്വമായിട്ടുള്ള ഒരു സംഭവം തന്നെയാണ്. മത്തായിക്ക് നീതി ലഭിക്കുമെന്നുള്ള ഉറപ്പിലാണ് കുടുംബവും നാട്ടുകാരും.