പത്തനംതിട്ട : പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിന് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അങ്ങാടിക്കൽ സ്വദേശിയായ നന്ദനൻ (55) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രണ്ട് പേരാണ് ഹോസ്റ്റലിന് മുന്നിൽ പെൺകുട്ടികളെ നോക്കി നഗ്നത പ്രദർശനവും ലൈംഗീക ചേഷ്ടയും കാണിച്ചത്. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾ ദൃശ്യങ്ങൾ പകർത്തുകയും ദൃശ്യങ്ങൾ സഹിതം പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
അറസ്റ്റിലായ നന്ദനൻ സ്ഥിരമായി ഹോസ്റ്റലിന് മുന്നിലെത്തി നഗ്നത പ്രദർശിപ്പിച്ചിരുന്നു. കുറച്ച് മാസങ്ങൾക്ക് മുൻപ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ നന്ദനനെ നാട്ടുകാർ ചേർന്ന് മർദ്ധിച്ചിരുന്നതായും പോലീസ് പറയുന്നു.
ഹോസ്റ്റലിന് മുന്നിൽ നഗ്ന്നതാ പ്രദർശനം നടത്തിയ രണ്ടാമനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടൻ അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചു. ഐപിസി 509 അടക്കമുള്ള വകുപ്പുകൾ ചേർത്താണ് നന്ദനനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിന്റെ മുന്നിൽ ബൈക്കുമായെത്തിയ പ്രതി പെൺകുട്ടികൾ നോക്കി നിൽക്കെ ഉടുമുണ്ട് മാറ്റി ലൈംഗികാവയവം പ്രദർശിപ്പിക്കുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയുമായിരുന്നു. ഹെൽമെറ്റും മാസ്കും ധരിച്ചതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. നഗ്നത പ്രദർശനം സ്ഥിരമായതോടെയാണ് വിദ്യാർത്ഥികൾ വീഡിയോ എടുക്കാൻ തീരുമാനിച്ചത്. തുടർന്ന് വീഡിയോ പകർത്തി ഹോസ്റ്റൽ വാർഡൻ മുഖാന്തിരം പോലീസിൽ പരാതി നൽകുകയായിരുന്നു.