തിരുവനന്തപുരം : വനിത കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് എംസി ജോസഫൈനെ മാറ്റിയേക്കുമെന്ന് സൂചന. പകരം അധ്യക്ഷ സ്ഥാനത്തേക്ക് മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയെ പരിഗണിക്കാനാണ് നീക്കം. എംസി ജോസഫൈൻ പരാതി പറയാൻ വിളിച്ച യുവതിയോട് മോശമായി പെരുമാറിയത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നാണ് സൂചന.
വനിത കമ്മീഷൻ അധ്യക്ഷ ആയിരിക്കെ പാർട്ടിക്കും സർക്കാരിനും തലവേദന സൃഷ്ടിക്കുന്ന തരത്തിൽ നിരവധി വിവാദങ്ങളാണ് എംസി ജോസഫൈനിന്റെ ഭാഗത്ത് നിന്നുണ്ടായത്. പാർട്ടിക്കകത്ത് എംസി ജോസഫൈനെ മാറ്റി നിർത്തണമെന്ന ആവിശ്യം നേരത്തെ തന്നെ ഉയർന്നിരുന്നതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
കിടപ്പ് രോഗിയായ 89 വാസയുകാരിയോട് നേരിട്ട് വനിതാ കമ്മീഷന് മുൻപിൽ ഹാജരാകണമെന്ന് ആവിശ്യപെടുകയും ശകാരിക്കുകയും ചെയ്യുന്നതിന്റെ ഓഡിയോ സന്ദേശം നേരത്തെ പുറത്ത് വന്നതും വിവാദമായിരുന്നു. പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ജോസഫൈൻ ഖേദം പ്രകടിപ്പിച്ചെങ്കിലും വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് ജോസഫൈനെ മാറ്റണമെന്ന ആവിശ്യം ശക്തമായിരിക്കുകയാണ്.