ലക്‌നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഒരു കൊലക്കേസ് പ്രതി സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കുകയും ഭീക്ഷണി മുഴക്കുകയും ചെയ്തപ്പോൾ പോലീസ് അയാളെ വെടിവെച്ച് കൊന്നിരുന്നു. വെടിയേറ്റു മരിച്ച അക്രമിയുടെ മകളെ ദത്തെടുക്കാനുള്ള തീരുമാനവുമായി കാൺപൂരിലെ ഇൻസ്‌പെക്ടർ ജനറലായ മോഹിത് അഗർവാൾ രംഗത്തെത്തി.
അവൾ വളർന്നു വലുതായി കഴിയുമ്പോൾ അവളെ ഒരു ഐ പി എസ് ഉദ്യോഗസ്ഥയാക്കാനാണ് തന്റെ ആഗ്രഹമെന്നും പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നല്ല മികച്ച സ്കൂളിൽ പഠിപ്പിക്കണമെന്നും വിദ്യാഭ്യാസത്തിനും മറ്റും വേണ്ട മുഴുവൻ ചിലവുകളും വഹിക്കാൻ താൻ തയ്യാറാണെന്നും മോഹിത് അഗർവാൾ പറഞ്ഞു. ഉത്തർപ്രദേശിലെ കതാരിയയിൽ തന്റെ മകളുടെ പിറന്നാൾ ആഘോഷത്തിനായി ഗ്രാമവാസികളെ വിളിച്ചു വരുത്തുകയും ഒടുവിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തിന് നേരെ തോക്ക് ചൂണ്ടി അവരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കോപം പൂണ്ട ഗ്രാമവാസികൾ തോക്ക് ചൂണ്ടിയ സുഭാഷ് ബദ്ദം എന്ന യുവാവിന്റെ ഭാര്യയെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു.പോലീസ് വെടിവെയ്പ്പിൽ സുഭാഷും കൊല്ലപ്പെട്ടു.
അവരുടെ മകൾ ഗൗരി അനാഥയായതിനെ തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥൻ കുഞ്ഞിനെ ദെത്തെടുക്കാൻ തീരുമാനമെടുത്തത്. ഒരു ഗ്രാമത്തെ മുഴുവൻ നടുക്കുന്ന തരത്തിൽ സുഭാഷ് ബദ്ദം സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കിയതിനെ തുടർന്ന് ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേന രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു. തുടർന്നുനടന്ന ഓപ്പറേഷനിൽ അക്രമിയെ വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഏകദേശം പത്ത് മണിക്കൂറോളം അക്രമി പ്രകോപനം സൃഷ്ടിച്ചിരുന്നു. ഇതിനുശേഷമാണ് ഇയാളെ കീഴടക്കാൻ ആയത്.