വാമനമൂർത്തിയെ ചതിയനെന്ന് വിളിച്ച് ആക്ഷേപിച്ച മന്ത്രി തോമസ് ഐസക് വിശ്വാസികളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

തിരുവനന്തപുരം: വാമനമൂർത്തിയെ ചതിയനെന്ന് വിളിച്ച് ആക്ഷേപിച്ച മന്ത്രി തോമസ് ഐസക് വിശ്വാസികളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തോമസ് ഐസക് അനേകായിരം വിഷ്ണു ഭക്തന്മാരുടെ വോട്ടുകൊണ്ടാണ് ജയിച്ചതെന്നും മന്ത്രിയായതെന്നുമുള്ള കാര്യമോർക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഓണാശംസകൾ നേർന്നു കൊണ്ട് കഴിഞ്ഞദിവസം തോമസ് ഐസക് പങ്കുവെച്ച ട്വീറ്റിനെതിരെയാണ് കെ സുരേന്ദ്രൻ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം.

ദശാവതാരങ്ങളിലൊന്നായ വാമനമൂർത്തി ചതിയനാണെന്ന് ഐസക്കിന് പറയാൻ കഴിയുന്നതെന്തുകൊണ്ടാണ്? മഹാവിഷ്ണുവിന്റെ അവതാരമാണ് വാമനൻ. കോടാനുകോടി വിശ്വാസികളുടെ കൺകണ്ട ദൈവം. ഐസക്കിന് മറ്റുമതസ്ഥരോട് ഈ സമീപനം എടുക്കാനാവുമോ? തൃക്കാക്കരയിലെ വാമന ക്ഷേത്രത്തിലാണ് ഓണത്തോടനുബന്ധിച്ചുള്ള ഏറ്റവും വലിയ ആഘോഷം നടക്കുന്നത്. തൃക്കാക്കരയപ്പനായ വാമനമൂർത്തിയെ നടുവിൽ പ്രതിഷ്ഠിച്ച് അതിനു മുകളിലാണ് വിശ്വാസികൾ ഓണപ്പൂക്കളമിടുന്നത്. വാമനൻ മഹാവിഷ്ണു തന്നെയാണ്. മഹാവിഷ്ണുവിനെ ചതിയനെന്നു വിളിച്ച് ആക്ഷേപിച്ച തോമസ് ഐസക്ക് വിശ്വാസികളോട് മാപ്പു പറയണം. അനേകായിരം വിഷ്ണു ഭക്തരുടെ വോട്ടുകൊണ്ടാണ് ഐസക്ക് ജയിച്ചു മന്ത്രിയാവുന്നതെന്ന് ഓർമ്മിക്കണം.