കോഴിക്കോട് : വാഹനാപകട കേസിൽ കൈക്കൂലി വാങ്ങിയ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കൃജേഷ്, എസ്ഐ പ്രവീൺ കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർക്കെതിരെ കേസെടുക്കാതിരിക്കാൻ ഡ്രൈവറിൽ നിന്നും 50000 രൂപ കൈക്കൂലി വാങ്ങിയെന്ന് വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ. കൈക്കൂലി വാങ്ങിയെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തിയത്.
പോലീസ് ഉദ്യോഗസ്ഥർ കേസെടുക്കാതിരിക്കാൻ അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങിയതായുള്ള പരാതിയിൽ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അസിസ്റ്റന്റ് കമ്മീഷണർ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.