ചെന്നൈ: ആദായ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തമിഴ് സിനിമ താരമായ വിജയിയെ ആദായ നികുതി വകുപ്പ് പിടികൂടി ചോദ്യം ചെയ്യലും റെയിഡും നടത്തിയിരുന്നു. ഇപ്പോൾ കണക്കിൽ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് ആദായ നികുതി വകുപ്പ്. വരുന്ന മൂന്നു ദിവസത്തിനുള്ളിൽ ആദായ നികുതി വകുപ്പിന്റെ ഓഫീസിൽ എത്തണമെന്ന് പറഞ്ഞു കൊണ്ടു വിജയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
പരിശോധനയിൽ പൊരുത്തകേട് തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും നടപടിയ്ക്ക് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം നെയ്‌വേലിയിലെ മാസ്റ്റേഴ്സ് എന്ന് പുതിയ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുമാണ് വിജയ്‌യെ ആദായ നികുതി വകുപ്പ് അന്വേഷണതിനായി കൊണ്ട് പോയത്. തുടർന്ന് സിനിമയുടെ ഷൂട്ടിങ് നിർത്തി വെയ്ക്കുകയും ചെയ്തിരുന്നു.
ചെന്നൈയിലെ വിജയിയുടെ വസതിയിൽ മണിക്കൂറുകൾ നീണ്ടു നിന്ന റെയിഡിന് ശേഷം വിജയിയുടെ ഒരു സ്ഥാപനത്തിൽ നടത്തിയ റെയിഡിൽ ബാഗിൽ നിറച്ച നിലയിൽ കോടികൾ കണ്ടെത്തിയിരുന്നു. കൂടാതെ ബിഗിൽ സിനിമയുടെ നിർമ്മാതാക്കളിൽ നിന്നും 65 കോടി രൂപയോളം പിടിച്ചെടുത്തിട്ടുണ്ട്.