വിഷമഘട്ടങ്ങളെ നേരിടുമ്പോളുള്ള ധോണിയുടെ ശാന്തത യുവാക്കൾക്ക് മാതൃകയാണെന്ന് പ്രധാനമന്ത്രി

ഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്ക് കത്തയച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ധോണിയുടെ തീരുമാനത്തിൽ രാജ്യത്തെ 130 കോടി ഇന്ത്യക്കാരും ദുഃഖിതരാണെന്നും കൂടാതെ ധോണിയുടെ കരിയറിലെ കണക്കുകൾ അദ്ദേഹത്തിന്റെ മഹത്വം വ്യക്തമാക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ ലോകത്തിന്റെ മികച്ച നായകനിലൊരാളാണ് അദ്ദേഹം. കൂടാതെ ക്രിക്കറ്റ് ലോകം കണ്ട മികച്ച വിക്കറ്റ് കീപ്പറായിരുന്നുവെന്നും വിഷമഘട്ടങ്ങളെ നേരിടുമ്പോളുള്ള ധോണിയുടെ ശാന്തത യുവാക്കൾക്ക് മാതൃകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യൻ സായുധ സേനയുമായുള്ള ധോണിയുടെ സഹകരണത്തെ അഭിനന്ദിക്കുകയും പ്രതിസന്ധി ഘട്ടങ്ങളെ നേരിടുന്നതിന് ധോണിയുടെ മനസ്സാന്നിധ്യം ഒപ്പം സഹതാരങ്ങൾക്ക് നൽകുന്ന പിന്തുണയും പ്രധാനമന്ത്രിയുടെ കത്തിൽ പരാമർശിക്കുകയുണ്ടായി. ധോണി രാജ്യത്തിന് സമർപ്പിച്ചിരിക്കുന്ന അവിസ്മരണീയമായ നിമിഷങ്ങൾ തലമുറകളോളം നീണ്ടുനിൽക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.