തിരുവനന്തപുരം : സ്ത്രീധന പീഡനത്തെ തുടർന്ന് മനംനൊന്ത് ആത്മഹത്യ ചെയ്ത ആയുർവേദ വിദ്യാർത്ഥിനി വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിനെ സർക്കാർ സർവ്വീസിൽ നിന്നും പിരിച്ച് വിട്ടു. വിസ്മയയുടെ മരണത്തെ തുടർന്ന് കിരൺകുമാറിനെതിരെ പോലീസ് കേസെടുക്കുകയും അന്വേഷണം നടക്കുകയും ചെയ്യുന്നതിനിടയിലാണ് നടപടി. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്റ്റർ ആയിരുന്നു കിരൺ കുമാർ.
ഇതാദ്യമായാണ് സ്ത്രീധന പീഡന കേസിൽ ഒരാളെ സർക്കാർ സർവ്വീസിൽ നിന്ന് പിരിച്ചുവിടുന്നത്. കിരൺ കുമാർ നൽകിയ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. വിസ്മയയുടെ മരണത്തിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു. നീചവും ഹീനവുമായ കുറ്റകൃത്യമാണ് കിരൺ കുമാർ ചെയ്തതെന്നും അതിനാൽ അന്വേഷണ ഘട്ടത്തിൽ പ്രതിക്ക് ജാമ്യത്തിന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
ശാസ്താംകോട്ടയിലെ കിരൺകുമാറിന്റെ വീട്ടിലാണ് വിസ്മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനമായി നൽകിയ കാർ മാറ്റി നൽകാനും കൂടുതൽ പണവും ആവിശ്യപ്പെട്ട് കിരൺ കുമാർ വിസ്മയയെ നിരന്തരം പീഡിപ്പിച്ചിരുന്നു. വിസ്മയയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു.