വി മുരളീധരൻ. ഇന്നലത്തെ മഴയ്ക്ക് പൊട്ടി മുളച്ച് നേതാവായ ആളല്ല. കേസുകളുടെ കണക്കെടുക്കുന്നവർ അറിയാത്ത ചിലതുണ്ട്

പിണറായി വിജയൻ പഠിച്ച ബ്രണ്ണൻ കോളേജിൽ ഒഴുക്കിനെതിരെ നീന്തി സംഘടനാ പ്രവർത്തനം തുടങ്ങിയ ആളാണ് വി.മുരളീധരൻ. ഇരുപത്തൊന്നാം വയസിൽ കള്ളക്കേസിൽ കുടുക്കി 2 മാസമാണ് ആ വിദ്യാർത്ഥി നേതാവിനെ നായനാർ സർക്കാർ ജയിലിലടച്ചത്.

കള്ളക്കേസും തടവറയും അദ്ദേഹത്തിന് പ്രവർത്തനത്തിനുള്ള ഇന്ധനമായി മാറിയതാണ് പിന്നീട് കേരളവും ഭാരതവും കണ്ടത്. അഖിലഭാരതീയ വിദ്യർത്ഥി പരിഷത്തിന്റെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി വി.മുരളീധരൻ എത്തിയിട്ടുണ്ടെങ്കിൽ അത് കണ്ണൂരിലെ ചുവപ്പു കോട്ടകൾ ഉഴുതുമറിച്ച് തന്നെയാണ്.
എബിവിപി പ്രവർത്തനത്തിന് വേണ്ടി ബ്രണ്ണനിലെത്തിയ മുരളീധരനെ ചുവന്ന ഭീകരുടെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ അന്നത്തെ കേരള മുഖ്യമന്ത്രി നായനാർക്ക് ദില്ലിയിലെ കേരള ഹൗസിൽ നിന്നും പുറത്തിറങ്ങാനായിട്ടില്ലെന്നതും ചരിത്രമാണ്.

തലശ്ശേരിയിൽ നിന്നും ദില്ലിയിലേക്ക് ലക്ഷക്കണക്കിന് കിലോമീറ്റർ ദൂരമുണ്ടെങ്കിലും തലശ്ശേരിക്ക് മറുപടി പത്ത് മിനുട്ടു കൊണ്ടാണ് ഇന്ദ്രപ്രസ്ഥത്തിൽ വിദ്യാർത്ഥി പരിഷത്ത് നൽകിയത്. സോഷ്യൽമീഡിയയും ഇൻറർനെറ്റുമില്ലാത്ത അക്കാലത്ത് ഇങ്ങ് തെക്കേയറ്റത്തെ ഒരു നേതാവിന് വേണ്ടി ഡൽഹിയിലെ പ്രവർത്തകർ ഒരു മുഖ്യമന്ത്രിയുടെ വഴി തടഞ്ഞിട്ടുണ്ടെങ്കിൽ ആ സംഘടനക്ക് ആ നേതാവ് എത്ര പ്രധാനപ്പെട്ടവനായിരിക്കണമെന്ന് നമുക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ.

ഒടുവിൽ സമാധാനത്തിന് നാഗ്പൂരിലേക്ക് വിളിക്കേണ്ടി വന്നു സിപിഎമ്മിന്. വി.മുരളീധരനെ പോലീസ് വെറുതെ വിട്ടപ്പോഴാണ് നായനാർക്ക് പുറത്ത് ഇറങ്ങാൻ ആയത്.

വീണ്ടും 35 വർഷത്തിനിപ്പുറം ചുവപ്പു ഭീകരതയ്ക്കെതിരെ വി.മുരളീധരനും ബിജെപിയും യുദ്ധമുഖത്തു തന്നെയാണ്. ശബരിമല പ്രക്ഷോഭ സമയത്ത് പിണറായി സർക്കാരിനെ വെല്ലുവിളിച്ച് സന്നിധാനത്തെത്തി ഹിന്ദുസമൂഹത്തിന് ആത്മവിശ്വാസം പകർന്ന എം.പിയായ മുരളീധരന്റെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്. തലശ്ശേരിയിലെ അദ്ദേഹത്തിന്റെ തറവാട് വീടിന് ബോംബ് എറിഞ്ഞാണ് സിപിഎമ്മുകാർ അന്ന് അയ്യപ്പ വിശ്വാസികൾക്കൊപ്പം നിന്ന വിഎമ്മിനോടുള്ള വിരോധം തീർത്തത്.

എല്ലാവരുടേയും സ്വപ്നമായ സർക്കാർ ജോലി ഉപേക്ഷിച്ചാണ് മുരളീധരൻ എബിവിപിയുടെ മുഴുവൻ സമയപ്രവർത്തകനാകുന്നത്. ഇന്ന് അദ്ദേഹം കേന്ദ്ര മന്ത്രിയായിട്ടുണ്ടെങ്കിൽ അത് ത്യാഗത്തിനും സമർപ്പണത്തിനും കഴിവിനുമുള്ള അംഗീകാരമാണ്.