ഇടുക്കി : പുറ്റടിയിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. മകൾ ശ്രീധന്യയെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്.
ലൈഫ് പദ്ധതിയി വഴി പുതിയ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് താൽക്കാലികമായി നിർമ്മിച്ച വീടിന് തീപിടിച്ച് അപകടമുണ്ടായത്. ആസ്ബറ്റോസ് ഷീറ്റ് ഇട്ടാണ് താൽക്കാലികമായി വീട് നിർമ്മിച്ചിരുന്നത്. വീടിന്റെ ഒരു മുറിയിലാണ് തീപിടുത്തമുണ്ടായത്. മകൾ ശ്രീധന്യയുടെ നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്.
രവീന്ദ്രനെയും,ഉഷയേയും നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ എന്തെങ്കിലും തരത്തിൽ ദുരൂഹതയുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്.