വീട്ടിലെത്തി ജിം ട്രെയിനിങ്, ഇതിനിടയിൽ പരസ്പരം അടുത്തു ; അധ്യാപികയെ കൊലപ്പെടുത്തിയ ജിം ട്രെയിനർ അറസ്റ്റിൽ

ഗോവ : അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ ഉപക്ഷിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശിയും ജിം പരിശീലകനുമായ ഗൗരവ് ബിദ്ര (36) ആണ് അറസ്റ്റിലായത്. കോർലിം സ്വദേശിനിയും ഖണ്ടാല സർക്കാർ കോളേജിലെ അധ്യാപികയുമായ ഗൗരി ആചാരി (35) നെ കൊലപ്പെടുത്തിയ കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

ഗൗരിയും ഗൗരവും കുറച്ച് നാളുകളായി അടുപ്പത്തിലായിരുന്നു. എന്നാൽ ദിവസങ്ങൾക്ക് മുൻപ് ഗൗരവുമായുള്ള ബന്ധത്തിൽ നിന്നും ഗൗരി ആചാരി പിന്മാറിയിരുന്നു. ഗൗരി താനുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറുകയും മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തതിലെ പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്ന് ഗൗരവ് പൊലീസിന് മൊഴി നൽകി.

രാവിലെ കോളേജിലേക്ക് പോയ മകളെ വൈകുന്നേരമായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഗൗരിയുടെ മൃതദേഹം കാട്ടിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്തായി ഗൗരിയുടെ നാനോ കാറും പോലീസ് കണ്ടെത്തി. തുടർന്ന് ഗൗരിയുടെ ഫോൺ വിശദമായി പരിശോധിച്ച പോലീസ് അവസാനം വിളിച്ച നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഗൗരവിന്റേതാണെന്ന് കണ്ടെത്തുകയും തുടർന്ന് കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യുകയുമായിരുന്നു.

വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ ഗൗരവ് ബിദ്ര കുറ്റം സമ്മതിച്ചു. രണ്ട് വർഷം മുൻപാണ് ഗൗരിയെ പരിചയപെട്ടതെന്നും ഫിറ്റ്നസ് ട്രൈനിങ്ങിനായി ഗൗരി തന്റെ നമ്പർ ഇന്റർനെറ്റിൽ നിന്നും കണ്ടെത്തി തന്നെ വിളിക്കുകയായിരുന്നെന്നും ഗൗരവ് പറഞ്ഞു. ഗൗരിയുടെ വീട്ടിലെത്തിയാണ് താൻ ട്രൈനിംഗ് നല്കിയിരുന്നതെന്നും തമ്മിൽ ഇഷ്ടമായിരുന്നതായും ഗൗരവ് പറഞ്ഞു. നാല് മാസം മുൻപ് ഗൗരി മനപൂർവ്വം തന്നിൽ നിന്ന് അകലാൻ ശ്രമിക്കുകയും തന്നോട് സംസാരിക്കാതെ ഒഴിഞ്ഞ് മാറുകയും ചെയ്തു. ഗൗരി മറ്റൊരാളെ വിവാഹം ചെയ്യാൻ പോകുന്നു എന്ന വിവരം ലഭിച്ചതോടെയാണ് ഗൗരിയെ അപായപ്പെടുത്താൻ തീരുമാനിച്ചതെന്നും ഗൗരവ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.