കോഴിക്കോട് : വാടക കുടിശിക ആവശ്യപ്പെട്ട വീട്ടുടമയ്ക്കെതിരെ വ്യാജ പീഡന പരാതി നൽകിയ വനിതാ എസ്ഐ യ്ക്ക് സസ്പെൻഷൻ. കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ ഓഫിസിലെ എസ്ഐ സുഗുണവല്ലിയെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
സുഗുണവല്ലി കഴിഞ്ഞ നാലുമാസത്തോളമായി വീട്ട് വാടക നൽകിയിരുന്നില്ല. ഇതിനെ തുടർന്ന് വീട്ടുടമസ്ഥൻ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സിഐ സുഗുണവല്ലിയെ വിളിപ്പിച്ചെങ്കിലും സുഗുണവല്ലി ഹാജരാകാൻ തയാറായില്ല. തുടർന്ന് നാല് ദിവസത്തിന് ശേഷം വീട്ടുടമയുടെ മകളുടെ ഭർത്താവ് തന്നെ കയറി പിടിച്ചെന്ന് പന്നിയങ്കര പോലീസ് സ്റ്റേഷനിൽ സുഗുണവല്ലി പരാതി നൽകുകയായിരുന്നു.
കയറി പിടിച്ചതിനൊപ്പം വീടിന്റെ വാടക വസൂലാക്കാൻ തന്റെ വിവാഹ മോതിരം ഊരിയെടുത്തെന്നും സുഗുണവല്ലി നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ വീടിന് നൽകിയ അഡ്വാൻസ് തുകയും മറ്റും ചേർത്ത് ഒരു ലക്ഷത്തോളം രൂപ വീട്ടുടമ തനിക്ക് നല്കാനുണ്ടെന്നും സുഗുണവല്ലിയുടെ പരാതിയിൽ പറയുന്നു.
അതേസമയം സുഗുണവല്ലിയുടെ പരാതിയിൽ പന്നിയങ്കര പോലീസ് നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. വാടക കുടിശിക ചോദിച്ച വൈരാഗ്യം തീർക്കാൻ സുഗുണവല്ലി കെട്ടിച്ചമച്ച വ്യാജ പരാതിയാണെന്നും പോലീസ് കണ്ടെത്തി. ഇതേതുടർന്ന് സുഗുണവല്ലിക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് സിഐ നിർദേശം നൽകി.