കൊച്ചി : രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമലയ്ക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്. കൊച്ചിയിലെ ഓഫീസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചാണ് കസ്റ്റംസ് നോട്ടീസ് നൽകിയത്. അമലയെ നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു എന്നാൽ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് വീണ്ടും നോട്ടീസ് നൽകിയത്.
അർജുൻ ആയങ്കി ജോലിക്ക് പോയിരുന്നില്ലെങ്കിലും ആഡംബര ജീവിതമാണ് നയിച്ചിരുന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. കൂടാതെ വീട് വെച്ചത് എങ്ങനെയാണെന്ന ചോദ്യത്തിന് ഭാര്യയുടെ ‘അമ്മ പണം തന്നതായാണ് അർജുൻ ആയങ്കി അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽ പറഞ്ഞത്. എന്നാൽ അർജുന്റെ മൊഴി വിശ്വാസത്തിൽ എടുക്കാത്ത അന്വേഷണ ഉദ്യോഗസ്ഥർ അർജുൻ ആയങ്കിയുടെ സാമ്പത്തിക സ്രോതസുകളെ കുറിച്ച് അന്വേഷിച്ചിരുന്നു. തുടർന്നാണ് അർജുന്റെ ഭാര്യ അമലയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.
ഏഴ് മണിക്കൂർ അമലയെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. എന്നാൽ സാമ്പത്തിക സഹായം തന്റെ വീട്ടുകാർ നൽകിയിട്ടില്ലെന്ന് അമല അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ വ്യക്തമാക്കി. അർജുന്റെയും അമലയുടെയും മൊഴിയിൽ വൈരുദ്ധ്യം കണ്ടെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ അമലയോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിരിക്കുകയാണ്.