വെഞ്ഞാറമൂട്ടിൽ നടന്നത് പെരിയ ഇരട്ട കൊലപാതകത്തിന്റെ പ്രതികാരമാണെന്ന് കൊടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ നടന്ന ഇരട്ടക്കൊലപാതകം പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിന്റെ പ്രതികാരം ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വർണക്കടത്തിന്റെയും സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിന്റെയും പേരിൽ കലാപം നടത്താൻ ശ്രമിക്കുകയും എന്നാൽ അതിന് ജനപിന്തുണ ലഭിക്കാതെ വന്നതിനെ തുടർന്ന് വ്യാപകമായി ആക്രമണം അഴിച്ചുവിടുന്നതിനായി അണികളെ കോൺഗ്രസ് കയറൂരി വിട്ടിരിക്കുകയാണെന്നും കൊടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. ഇതിന്റെ ഭാഗമായിട്ടാണ് വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകരെ അതിക്രൂരമായ രീതിയിൽ കൊലപ്പെടുത്തിയത്.

വെഞ്ഞാറമൂട്ടിൽ നടന്ന ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊണ്ട് സിപിഎം സംസ്ഥാന വ്യാപകമായി ആചരിച്ചിരുന്ന കരിദിനാചരണത്തിൽ പങ്കെടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസ്‌ പ്രവർത്തകർ കൂട്ടമായി സിപിഎമ്മിലേക്ക് വരുന്നതിനെ തടയുന്നതിനു വേണ്ടിയുള്ള ലക്ഷ്യവും ഈ കൊലപാതകത്തിന് പിന്നിൽ ഉണ്ടെന്നും കോൺഗ്രസ് കൊലപാതകത്തിൽ നേതൃത്വത്തിന്റെ പങ്ക് മറച്ചുവെക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വെഞ്ഞാറമൂട്ടിൽ നടന്നത് നേതൃത്വത്തിന്റെ അറിവോടെയുള്ള കൊലപാതകമാണെന്നുള്ള കാര്യം വ്യക്തമാണ്.

അക്രമണങ്ങളിൽ പാർട്ടി പ്രവർത്തകർ പ്രകോപിതരാകുകയോ ഓഫീസുകൾക്കും നേരെ തിരിയുകയോ ചെയ്യരുതെന്നും കൊടിയേരി ആവശ്യപ്പെട്ടു. കോൺഗ്രസ് കുരുക്കുന്ന കെണിയാണിതെന്നും അതിൽ സിപിഎം പ്രവർത്തകർ വീഴരുതെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. കൊച്ചിയിൽ നടന്ന പരിപാടിയിൽ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ് സംസാരിച്ചു.