തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ നടന്ന ഇരട്ട കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും കേരള പോലീസ് തന്നെ കേസ് അന്വേഷിച്ചാൽ മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത്തരം കേസുകൾ അന്വേഷിക്കുന്ന കാര്യത്തിൽ സിബിഐയെ ക്കാൾ മികവ് കേരള പോലീസിന് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയവരെയും കൊലപാതകത്തിലെ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സംസ്ഥാന പോലീസിന് സാധിക്കുമെന്നും കോടിയേരി പറഞ്ഞു.
കോൺഗ്രസ് നേതൃത്വം പ്രതികളെ പരസ്യമായി സംരക്ഷിക്കുകയാണെന്നും പാർട്ടിയുടെ മുഖപത്രത്തിലെ ലേഖനത്തിലൂടെ കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. കോൺഗ്രസ് അനുകൂലികളായ സർക്കാർ ഉദ്യോഗസ്ഥരെ അഞ്ചാം പ്രതികളാക്കി ഇടതു സർക്കാരിന്റെ ജനക്ഷേമ പരിപാടികൾ അട്ടിമറിക്കാനുള്ള ശ്രമമാണ് മുല്ലപ്പള്ളി അടക്കമുള്ളവർ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. മഹിളാ കോൺഗ്രസ് നേതാവിന്റെ വീട് മകനെകൊണ്ട് കല്ലെറിയിച്ച സംഭവത്തിൽ ഉമ്മൻചാണ്ടിയുടെ ഒത്താശയുണ്ടെന്നും കോടിയേരി കുറ്റപ്പെടുത്തി.