കൊല്ലം: എസ്എൻഡിപി മാവേലിക്കര യൂണിയൻ പ്രസിഡണ്ട് സ്ഥാനത്തു നിന്നും പുറത്താക്കിയ സുഭാഷ് വാസുവിനു തന്നെ പ്രസിഡന്റ് സ്ഥാനത്തു തുടരാമെന്ന് കോടതി. യൂണിയൻ പിരിച്ചു വിട്ടതിനെതിരെ സുഭാഷ് വാസു ഹർജി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കോടതി നടപടി എടുത്തത്.
മൈക്രോഫിനാൻസ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതിനെ തുടർന്ന് എസ്എൻഡിപി മാവേലിക്കര യൂണിയൻ പ്രസിഡണ്ട് സ്ഥാനത്തു നിന്ന് സുഭാഷ് വാസുവിനെ മാറ്റുകയും അഡ്മിനിസ്ട്രേഷൻ ഭരണം നടപ്പാക്കുകയും ആയിരുന്നു. സുനിൽ മുണ്ടപ്പള്ളി യെ അഡ്മിനിസ്ട്രേറ്ററായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അദ്ദേഹം പന്തളം എസ്എൻഡിപി യൂണിയൻ പ്രസിഡണ്ട് കൂടിയാണ്.
ഇതിനെ തുടർന്നാണ് വെള്ളാപ്പള്ളി നടേശനെതിരെ സുഭാഷ് വാസു രംഗത്തെത്തിയത്. വെള്ളാപ്പള്ളി നടേശന്റെ അഴിമതികളെക്കുറിച്ചും തട്ടിപ്പുകളെ കുറിച്ചും സുഭാഷ് വാസു വെളിപ്പെടുത്തൽ നടത്തിയിരുന്നു. ആലപ്പുഴ കോളേജുമായി ബന്ധപ്പെട്ട് അഴിമതിയുടെ കാര്യത്തിലും അദ്ദേഹം വെളിപ്പെടുത്തൽ നടത്തിയിരുന്നു.