വേട്ടയാടി മതിയായി കാണില്ല; ശബരിമലക്കാലത്തെ പോലെ തന്നെ അകത്തിടനാകും സർക്കാർ തീരുമാനമെന്ന് സുരേന്ദ്രൻ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ തീപിടിച്ചപ്പോൾ പൊതുപ്രവർത്തകനെന്ന നിലയിലാണ് താൻ അവിടെ എത്തിയത്. അതിൽ യാതൊരു തരത്തിലുമുള്ള ഗൂഢ ഉദ്ദേശ്യങ്ങളുമില്ല. ഗേറ്റുകൾ തുറന്നിരുന്നു. തന്നെ ആരും തടഞ്ഞതുമില്ല. സെക്രട്ടറിയേറ്റിൽ തീപിടുത്തവുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ തനിക്കെതിരെ കേസ് എടുത്ത നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സെക്രട്ടറിയേറ്റിൽ സുരക്ഷാവീഴ്ച ഉണ്ടായിരിക്കുന്നത് തനിക്കെതിരെയെല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് കേസെടുക്കേണ്ടതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. സുരക്ഷാവീഴ്ച കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും അല്ലാതെ തന്നെ വേട്ടയാടി മതിയായി കാണില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ശബരിമല കാലത്ത് തന്നെ ജയിലിലടച്ചത് പോലെ ഈ വിഷയത്തിലും ജയിലറയിൽ അടയ്ക്കാനായിരിക്കും പരിപാടി. മാധ്യമങ്ങളിൽ സെക്രട്ടറിയേറ്റിൽ തീപിടുത്തവുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ കണ്ടതിനെ തുടർന്നാണ് അവിടെയെത്തിയത്.. ശരിക്കും എന്താണ് പിണറായിക്ക് ഭ്രാന്ത് പിടിച്ചോ..? ഇവിടെ എന്താണ് അടിയന്തരാവസ്ഥ യാണോ..? എന്നും കെ സുരേന്ദ്രൻ ചോദിച്ചു. അഞ്ചു പേരിൽ കൂടുതൽ സംഘംചേരൽ, പോലീസിന്റെ കൃത്യനിർവഹണത്തിൽ തടസ്സപ്പെടുത്തൽ, ഗതാഗത തടസ്സം, പ്രോട്ടോകോൾ ലംഘിച്ചു തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കെ സുരേന്ദ്രനും മറ്റു നേതാക്കൾക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ പോലീസിനെ പിടിച്ചു തള്ളിയതായും എഫ്ഐആറിൽ ചേർത്തിട്ടുണ്ട്.