കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി വോട്ട് അഭ്യർത്ഥിച്ച മത്സരാർത്ഥി ഒറ്റ രാത്രികൊണ്ട് ബി ജെ പി സ്ഥാനാർത്ഥിയായി

തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി വോട്ട് അഭ്യർത്ഥിച്ച മത്സരാർത്ഥി ഒറ്റ രാത്രികൊണ്ട് ബി ജെ പി സ്ഥാനാർത്ഥിയായി. കൊല്ലം കോർപറേഷനിൽ താമരക്കുളം ഡിവിഷനിലെ കോൺഗ്രസ്സ് സ്ഥാനാർഥി ആയിരുന്ന ശ്രീമതി ശ്രീജ ചന്ദ്രൻ ആണ് ഒറ്റ രാത്രികൊണ്ട് പാർട്ടി വിട്ട് ബിജെപി യിലേക്ക് മാറിയത്. ഗ്രൂപ്പ്‌ പോരിന്റെ ഭാഗമായി ഇതേ ഡിവിഷനിൽ കോൺഗ്രസ്സ് ചിഹ്നത്തിൽ മൂന്നു സ്ഥാനാർത്ഥികളാണ് മത്സരിക്കാൻ ഒരുങ്ങിയിട്ടുള്ളത്. മൂവരും ഒരേ ചിഹ്നത്തിൽ വോട്ട് അഭ്യർത്ഥിക്കാൻ ഇറങ്ങിയതോടെ പ്രശ്നം വഷളായി.

നയന ഗംഗ, അനിത എന്നിവരാണ് മറ്റു രണ്ട് സ്ഥാനാർത്ഥികൾ. മറ്റു രണ്ട് സ്ഥാനാര്ഥികളോടും പിന്മാറാൻ കെപിസിസി സെക്രട്ടറി സൂരജ് രവി, പ്രദേശിക കോണ്ഗ്രസ് നേതാവ് ആണ്ടാ മുക്കം റിയാസ് എന്നിവർ ആവശ്യപ്പെട്ടെങ്കിലും അവർ അതിനു തയ്യാറായില്ല. തുടർന്ന് ഡിസിസി ഇടപെട്ട് നയന ഗംഗയെ ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഇതോടെയാണ് പ്രചാരണം നല്ലരീതിയിൽ നടത്തിക്കൊണ്ടിരുന്ന ശ്രീജ അതേ ഡിവിഷനിൽ ബിജെപി യുടെ സ്ഥാനാർഥി ആയത്. പാർട്ടി മാറിയതോടെ തന്റെ ചിഹ്നത്തിൽ വന്ന മാറ്റം വോട്ടർമാരെ അറിയിക്കാനുള്ള തിരക്കിലാണ് ശ്രീജ