തൃശൂർ : വ്യാജ ഫേസ്ബുക്ക് അകൗണ്ട് ഉപയോഗിച്ച് വിദേശവനിതയുടെ നഗ്നചിത്രങ്ങളും,നഗ്നദൃശ്യങ്ങളും
സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തളിക്കുളം ഇടശ്ശേരി സ്വദേശി ഹസൻ (29) ആണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട സൈബർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ദുബായിൽ ജോലി ചെയ്തിരുന്ന പ്രതി സുഹൃത്തായ ഇന്തോനേഷ്യൻ യുവതിയുടെ ചിത്രങ്ങൾ ഫോട്ടോഷോപ്പ് ഉപയോഗിച്ച് നഗ്ന ചിത്രങ്ങളാക്കി മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. യുവതിയുമായുള്ള വ്യക്തി വൈരാഗ്യമാണ് നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. തൃശൂർ റൂറൽ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയെത്തുടർന്ന് പോലീസും സൈബർ സെല്ലും നടത്തിയ അന്വേഷണത്തിലാണ് ചിത്രം പ്രചരിപ്പിച്ച വ്യാജ അകൗണ്ടിന്റെ ഉടമയെ കണ്ടെത്തിയത്.
ദുബായിൽ ജോലി ചെയ്യുകയായിരുന്ന പ്രതിയെ നാട്ടിലെത്തിക്കാനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.