ശക്തമായ മഴയെ തുടർന്ന് പമ്പാ ഡാമിന്റെ ഷട്ടറുകൾ തുറന്നു

പത്തനംതിട്ട: ശക്തമായ മഴ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് പമ്പാ ഡാമിന്റെ ഷട്ടറുകൾ രണ്ടടി തുറന്നു. നിയന്ത്രിതമായ അളവിൽ മാത്രമേ വെള്ളം തുറന്നു വിടുകയുള്ളുവെന്നും എന്നാൽ രാത്രിയിൽ ശക്തമായ മഴ തുടർന്നാൽ വലിയ അളവിലുള്ള വെള്ളം ഒഴുക്കിവിടുന്നതിതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നടപടി കൈക്കൊണ്ടിരിക്കുന്നതെന്നും പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു. പമ്പാ ഡാം തുറന്നു വിടുന്നതിനെ തുടർന്ന് പമ്പാനദിയിൽ 40 സെന്റീമീറ്റർ ജലനിരപ്പ് ഉയരും.

ഷട്ടർ തുടർന്ന് അഞ്ച് മണിക്കൂറിനുള്ളിൽ ജലം റാന്നിയിൽ എത്തും. ശേഷം നാളെ ഉച്ചയോടെ ജലം ചെങ്ങന്നൂർവഴി തിരുവല്ലയിലെത്തും. എന്നാൽ മുൻകാലത്തെ പോലെ വലിയതോതിൽ ജലം ഉയരില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാകളക്ടർ പി ബി നൂഹ് അറിയിച്ചിട്ടുണ്ട്.