ശത്രുരാജ്യങ്ങൾക്ക് ഭയപ്പാടുണ്ടാക്കി റാഫേൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ന് ഹരിയാനയിലെ അംബാലയിലെത്തും

റാഫേൽ യുദ്ധ വിമാനങ്ങളുടെ ആദ്യസെറ്റ് ഇന്ന് ഇന്ത്യയിലെത്തും. ഹരിയാനയിലെ അംബാലയിൽ വ്യോമസേന മേധാവി രാവിലെ 11 മണിക്ക് യുദ്ധവിമാനങ്ങൾ ഏറ്റുവാങ്ങും. ഫ്രാൻസിൽ നിന്നും പുറപ്പെട്ട യുദ്ധവിമാനം യുഎഇയിലെ അൽദഫ്റ സൈനിക വിമാനത്താവളത്തിൽ ഒരു ദിവസം വിശ്രമിച്ച ശേഷമാണ് ഇന്ത്യയിലേക്ക് പുറപ്പെടുന്നത്. 7000 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച്‌ ഇന്ത്യയിലെത്തുന്ന വിമാനത്തിന് ഇന്ധനം നിറയ്ക്കുന്നതിനും പൈലറ്റുമാരുടെ സമ്മർദ്ദം കുറയ്ക്കുന്നതിനും വേണ്ടിയാണ് ഇവിടെ ഒരു ദിവസം വിശ്രമിച്ചത്.

വിമാനം പുറപ്പെടുന്നത് പാക് വ്യോമപാത ഒഴിവാക്കിക്കൊണ്ട് ഗുജറാത്തിലെ ജാംനഗർ വഴിയാണ് ഹരിയാനയിൽ എത്തിച്ചേരുക. ആകാശ യാത്രയിൽവെച്ച് ഇന്ധനം നിറയ്ക്കുന്നതിന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കുന്നതിന് ഇന്ത്യൻ വ്യോമസേനയുടെ ടാങ്കർ വിമാനങ്ങൾ അനുഗമിക്കും. രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്ത് കൂട്ടുമെന്ന് കരുതുന്ന റഫാലിന്റെ 10 സെറ്റുകളാണ് ദസോ ഏവിയേഷൻ കമ്പനി ഇന്ത്യയ്ക്ക് കൈമാറിയത്. എന്നാൽ ഇതിൽ അഞ്ചെണ്ണം മാത്രമേ ഇന്ന് ഇന്ത്യയിൽ എത്തുകയുള്ളൂ. ബാക്കിയുള്ള അഞ്ചെണ്ണം പരിശീലനത്തിന്റെ ഭാഗമായി ഫ്രാൻസിസ് തന്നെയാണുള്ളത്.

17 ഗോൾഡൻ ആരോസ് സ്‌ക്വഡ്രോണിലെ കമാൻഡിംഗ് ഓഫീസറും ഫ്രഞ്ച് പൈലറ്റും ചേർന്നാണ് വിമാനം ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഇന്ത്യ ചൈന അതിർത്തി വിഷയത്തിൽ തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് അതിവേഗം യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള നീക്കം നടത്തിയത്. 2021 ഓടുകൂടി 36 റാഫേൽ യുദ്ധ വിമാനങ്ങൾ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് ദാസോ ഏവിയേഷൻ കമ്പനി പറയുന്നത്.