ശാസ്ത്രീയ പരിശോധനയ്ക്കായി എം ശിവശങ്കറിന്റെ മൊബൈൽ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ഐടി സെക്രട്ടറിയായ എം ശിവശങ്കറിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇന്നലെ ഓഫീസിൽ വിളിച്ചിരുന്നു. ശേഷം 10 മണിക്കൂർ നീളുന്ന ചോദ്യംചെയ്യൽ നടക്കുകയും ചെയ്തിരുന്നു. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോൺ വാങ്ങി വച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കോടതി മുഖേന മാത്രമേ ഫോൺ തിരിച്ചു കൊടുക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷുമായും സരിത്തുമായും എം ശിവശങ്കർ ഫോണിലൂടെ ബന്ധപ്പെട്ടതിന്റെ തെളിവുകൾ നേരത്തെ പുറത്തുവരികയും ചെയ്തിരുന്നു. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് പരിശോധനയ്ക്കായി ഫോൺ വാങ്ങി വെച്ചത്. ശിവശങ്കറിന്റെ ഫ്ലാറ്റിലും കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണക്കടത്ത് ഗൂഢാലോചന നടന്നോ എന്ന് അന്വേഷിക്കുന്നതിനുവേണ്ടി കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു.