ഷൂട്ടിങ് ലൊക്കേഷനിലായതുകൊണ്ട് ഇന്ന് അവിടെ ഭയങ്കര ചെലവായിരിക്കും ; സുരാജ് വെഞ്ഞാറമൂട്

2019 എന്ന വർഷം സുരാജിനെ സംബന്ധിച്ചു നല്ല വർഷം തന്നെയായിരുന്നു. അതിനു ഏറ്റവും നല്ല ഉദാഹരണമാണ് താരത്തിന് ലഭിച്ച മികച്ച നടനുള്ള ഈ അവാർഡ്. കഴിഞ്ഞ വർഷം വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ഫൈനൽസ്, ഡ്രൈവിംഗ് ലൈസൻസ് എന്നീ സിനിമകളിൽ ശക്തമായ കഥാപാത്രങ്ങളാണ് സുരാജിന് ലഭിച്ചത്. അവാർഡ് ലഭിച്ചതിന്റെ സന്ദോഷം പ്രേക്ഷകരുമായി താരം പങ്കുവച്ചു. താരത്തിന്റെ വാക്കുകൾ.

മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷമെന്ന് സുരാജ് വെഞ്ഞാറമൂട്. ‘2019-ൽ നിരവധി നല്ല കഥാപാത്രങ്ങൾ ലഭിച്ചു. ആ സിനിമകളെല്ലാം പ്രേക്ഷകർ കാണുകയും അവർ അത് ഏറ്റെടുക്കുകയും ചെയ്തു. അതിനുള്ള അംഗീകാരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലേയും വികൃതിയിലേയും വേഷങ്ങള്‍ രണ്ടും വെല്ലുവിളി നിറഞ്ഞതായിരുന്നു. സഹപ്രവർത്തകർക്ക് ഒരുപാട് നന്ദി. ഇതുപോലുള്ള കഥാപാത്രങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. അംഗീകാരം ലഭിച്ച ഏവര്‍ക്കും അഭിനന്ദനങ്ങള്‍. ഇപ്പോള്‍ ഡിജോ ഒരുക്കുന്ന ‘ജനഗണമന’ എന്ന സിനിമയിൽ പൃഥ്വിരാജിനോപ്പം അഭിനയിക്കുകയാണ്. ഷൂട്ടിങ് ലൊക്കേഷനിലായതുകൊണ്ട് ഇന്ന് അവിടെ ഭയങ്കര ചെലവായിരിക്കും.’–നര്‍മ്മം കലര്‍ന്ന രീതിയിൽ സുരാജ് പറഞ്ഞു.