സംഘർഷം ഒറ്റപ്പെട്ട സംഭവം : കേന്ദ്രസർക്കാരിന് അമേരിക്കയുടെ പിന്തുണ

ഡൽഹി: കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു നടന്ന റാലിയ്ക്ക് നേരെ ഒരു വിഭാഗം ആളുകൾ നടത്തിയ അക്രമത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിനെ പിന്തുണച്ചു കൊണ്ടു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മത സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തിയെന്നും ജനങ്ങൾ മത സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുവെന്ന് തന്നോട് മോദി പറഞ്ഞതായും ട്രംപ് വ്യക്തമാക്കി.

പൗരത്വ നിയമത്തിന്റെ പേരിൽ ഡൽഹിയിലും മറ്റുമായി ഒറ്റപെട്ട അക്രമ സംഭവങ്ങൾ നടക്കുന്നതായി കാണാൻ കഴിഞ്ഞെന്നും അതൊക്കെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളാണെന്ന് ട്രംപ് വ്യക്തമാക്കി. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടക്കുന്ന അക്രമ സംഭവങ്ങളിൽ പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. കശ്മീർ പ്രശ്നം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വർഷങ്ങളായി നീണ്ടു നിൽക്കുന്ന പ്രശ്നങ്ങളാണെന്നും, അത് പരിഹരിക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനായി താൻ ഇടപെടാമെന്നു പറഞ്ഞിട്ടില്ലെന്നും ട്രംപ് പറഞ്ഞു. കാശ്മീരിൽ ആർട്ടിക്കിൾ 370 പിൻവലിച്ചതോടെ അവിടെ ഉണ്ടായിരുന്ന കല്ലേറും അക്രമ സംഭവങ്ങളും കുറയുകയും ചെയ്തിട്ടുണ്ട്.