തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. നിരക്ക് വർദ്ധിപ്പിക്കാതെ കെഎസ്ഇബി യെ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാരുടെ ശമ്പളം നൽകുന്നത് പോലും പ്രതിസന്ധിയിലാണെന്നും നിരക്ക് വർധന അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.
നിലവിലെ നിരക്കിൽ നിന്ന് യൂണിറ്റിന് ഒരു രൂപ വർധിപ്പിക്കാനാണ് കെഎസ്ഇബി ആലോചിക്കുന്നത്. ഒരു വർഷത്തേക്കാണ് ഒരു രൂപ വർധിപ്പിക്കുന്നതെന്നും തുടർന്നുള്ള കാര്യങ്ങൾ പരിഗണിച്ച് തീരുമാനങ്ങൾ എടുക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി മടങ്ങിയെത്തിയതിന് ശേഷം നിരക്ക് വർധനയിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം നിരവധി ജലവൈദ്യുത പദ്ധതികൾ അടുത്ത വർഷങ്ങളിൽ നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും. വിവാദ പദ്ധതിയായ അതിരപ്പള്ളി ജലവൈദ്യുത പദ്ധതി തൽക്കാലം നടപ്പിലാക്കില്ലെന്നും മന്ത്രി പറഞ്ഞു. അഞ്ച് പദ്ധതികൾ ഈ വർഷം നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.