സംസ്ഥാനത്ത് അതിശക്തമായ മഴ: നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ പല ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴയുണ്ടാകുമെന്നാണ് കരുതുന്നത്. പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള തീരദേശമേഖലയിൽ 2.3 മുതൽ 3 മീറ്റർ വരെ ഉയരത്തിൽ തിരമാല അടിക്കാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചിട്ടുണ്ട്.

പത്തനംതിട്ടയിൽ മഴ കനത്താൽ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നും ജില്ലാകളക്ടർ അറിയിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും കർശന നിർദേശമുണ്ട്. താഴ്ന്ന പ്രദേശങ്ങൾ, ഉരുൾപൊട്ടലും മണ്ണിടിച്ചിലും സാധ്യതയുള്ള മലയോര പ്രദേശങ്ങൾ, നദീ തീരങ്ങൾ എന്നിവിടങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും കർശന മുന്നറിയിപ്പുണ്ട്.