തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 791 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കൂടാതെ രണ്ടിടത്ത് സാമൂഹ്യ വ്യാപനമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൂന്തുറയിലും പുല്ലുവിളയിലുമാണ് കോവിഡ് സാമൂഹ്യ വ്യാപനമുള്ളത്. തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയിൽ ഗുരുതരമായ രീതിയിൽ രോഗം വ്യാപിക്കുകയാണ്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 532 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയെ ഉണ്ടായത്. എന്നാൽ ഇവരിൽ 42 പേർക്ക് രോഗം സ്ഥിരീകരിച്ചതിന്റെ ഉറവിടം വ്യക്തമല്ല. നിലവിൽ സംസ്ഥാനത്ത് ഗുരുതരമായ രീതിയിൽ തുടരുന്ന സ്ഥിതിയെ നേരിടുന്നതിനു വേണ്ടിയുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണെന്നും കൊറോണാ അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ 135 പേർ വിദേശത്തു നിന്നെത്തിയ വരും 98 അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്. ആരോഗ്യപ്രവർത്തകർ 15 പേരുണ്ട്. ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. ഇവിടെ 296 പേർക്ക് രോഗം സ്ഥിരീകരിച്ചു. എറണാകുളം 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, l കോട്ടയം 39, കോഴിക്കോട് 32, തൃശ്ശൂർ 32, കാസർഗോഡ് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂർ 9 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് സ്ഥിതീകരിച്ചവരുടെ ജില്ലാ അടിസ്ഥാനത്തിൽ ഉള്ള കണക്കുകൾ.