സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു : മികച്ച നടൻ സുരാജ് വെഞ്ഞാറമൂട്, നടി കനി കുസൃതി

50മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 13നു ഉച്ചയ്ക്ക് 12.30നു മന്ത്രി എ കെ ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. നായകനെ തിരഞ്ഞെടുക്കാനുള്ള കടുത്ത മത്സരങ്ങൾക്കൊടുവിൽ വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയത്തിന് സുരാജ് വെഞ്ഞാറമൂടിനെ മികച്ച നടനായി തിരഞ്ഞെടുത്തു. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതിയെ മികച്ച നടിയായും തിരഞ്ഞെടുത്തു. ജെല്ലിക്കെട്ട് എന്ന ചിത്രത്തിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനുമായി. ഷിനോദ് റഹ്മാന്റെ വാസന്തിയാണ് മികച്ച സിനിമ. തീയറ്ററിൽ റിലീസ് ചെയ്‌തിട്ടില്ലാത്തതു അടക്കം 119 സിനിമകളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. മധു അമ്പാട്ട് ചെയർമാനായ ജൂറി പാനലിൽ സംവിധായകരായ സലിം അഹമ്മദ്‌ , എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ ഭൂമിനാഥൻ, സൗണ്ട് എഞ്ചിനീയർ രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരനായ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി സെക്രട്രറി സി അജോയ് എന്നിവരടങ്ങുന്ന ജൂറി പാനലാണ് അവാർടിനു അർഹരായവരെ തിരഞ്ഞെടുത്തത്. മോഹന്‍ലാല്‍, മമ്മൂട്ടി, നിവിന്‍ പോളി, സൗബിന്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് മികച്ച നടനുള്ള പട്ടികയിലുണ്ടായിരുന്നത്.

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ അഭിയനയത്തിനു ഫഹദ് ഫാസിലിനെ മികച്ച സ്വഭാവ നടനായും. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് സ്വാസികയെ മികച്ച സ്വഭാവ നടിയായും തിരഞ്ഞെടുത്തു. മഞ്ജു വാര്യര്‍, രജിഷ വിജയന്‍, പാര്‍വതി, അന്ന ബെന്‍ തുടങ്ങിയവരാണ് മികച്ച നടിയ്ക്കുള്ള നോമിനേഷനില്‍ ഉണ്ടായിരുന്നത്.കടുത്ത മത്സരത്തിനൊടുവിലാണ് കനി കുസൃതിയെ സെലക്ട്‌ ചെയ്തത്. വമ്പൻ ചിത്രങ്ങളായ ലൂസിഫർ, മാമാങ്കം, കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തുടങ്ങിയ സിനിമകളെ മറികടന്നാണ് വാസന്തി മികച്ച സിനിമയായത്. കലമൂല്യമുള്ള ജനപ്രിയ സിനിമയായി കുമ്പളങ്ങി നൈറ്റ്‌സ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ചിത്രം കൊഞ്ചിറ ( മനോജ് കാന). മികച്ച കുട്ടികളുടെ ചിത്രം നാനി. കെട്ടിയോൾ ആണ് എന്റെ മാലാഖയിലെ ഗാനത്തിന് നജീം അർഷാദ് മികച്ച പിന്നണി ഗായകനും, കോളാമ്പി കുമ്പളങ്ങി നൈറ്റ്സ് സിനിമകളിലെയും ഗാനങ്ങൾക്ക് മധുശ്രീ നാരായൺ മികച്ച പിന്നണി ഗായികയും ആയി. സുഷിൻ ശ്യാം മികച്ച സംഗീത സംവിധായകൻ. മികച്ച ഗാനരചയിതാവ് സുജേഷ് ഹരി. മൂത്തൊൻ, ഹെലൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിവിൻ പോളി, അന്ന ബെൻ എന്നിവർ പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.
മറ്റു പുരസ്‌ക്കാരങ്ങൾ.

മികച്ച ബാലതാരങ്ങളായി വാസുദേവ് സജീവ്, കാതറിൻ വിജി എന്നിവർ പുരസ്കാരം നേടി. മികച്ച തിരക്കഥാകൃത്ത് ഷാഹുൽ അലിയാർ മികച്ച ഛായാഗ്രാഹകൻ- പ്രതാപ് പി നായർ, മികച്ച ലേഖനം-മാടന്പള്ളിയിലെ മനോരോഗി, കോമാളി മേൽക്കൈ നേടുന്ന കാലം- ബിപിൻചന്ദ്രൻ, സിദ്ധാർഥ് പ്രിയദർശൻ- മരക്കാർ അറബിക്കടലിൻ്റെ സിംഹത്തിലൂടെ പ്രത്യേക ജൂറി പരാമർശം നേടി. അറബിക്കടലിൻ്റെ സിംഹം, ലൂസിഫർ എന്നീ സിനിമകളിലൂടെ വിനീത് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റായി. ഇഷ്ക് ചിത്രത്തിലൂടെ മികച്ച എഡിറ്ററായി കിരൺദാസിനേയും തിരഞ്ഞെടുത്തു.