സമാധാനപരമായി നടത്തുന്ന പ്രതിഷേധത്തെ അടിച്ചമർത്താനുള്ള നീക്കം വിലപ്പോവില്ല കെ സുരേന്ദ്രൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസും പ്രിൻസിപ്പൽ സെക്രട്ടറിയും സംശയത്തിലിരിക്കുന്ന സാഹചര്യത്തിൽ ഉത്തരവാദിത്വത്തിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി രാജിവെക്കുന്നത് വരെ കേരളത്തിൽ പ്രതിഷേധം ഉയരുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വഴിവിട്ട രീതിയിലുള്ള ഇടപെടൽ ഈ കേസിൽ നടത്തുന്നുണ്ടെന്നും സമരത്തെ അടിച്ചമർത്താനുള്ള സർക്കാരിന്റെ നീക്കം വിലപ്പോവില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ജനകീയമായി നടത്തുന്ന സമരത്തെ മുഖ്യമന്ത്രി അവഹേളിക്കുകയാണെന്നും സമരം ചെയ്യുന്നവർ കൊറോണ വന്നു മരിക്കുമെന്നാണ് മന്ത്രി ജയരാജൻ ഭീഷണിപ്പെടുത്തുന്നത്. സമാധാനപരമായി നടത്തുന്ന സമരത്തെ പോലീസിനെ കൊണ്ട് അടിച്ചമർത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. സർക്കാർ കോവിഡ് കാലത്തെ അഴിമതിക്കും കള്ളക്കടത്തിനു മായുള്ള സമയമായി കണ്ടെത്തിയിരിക്കുകയാണ്. ഗോവ പ്രതിരോധത്തിന്റെ പേരിൽ സർക്കാർ നടത്തുന്ന ഓരോ നടപടിയും സിപിഎമ്മിന് പണമുണ്ടാക്കുന്ന തരത്തിലാണെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ച് ഇത്രയധികം ആരോപണങ്ങൾ ഉയർന്നുവന്നിട്ടും അന്വേഷണം നടത്താത്ത ധാർഷ്ട്യം ഒരിക്കലും അംഗീകരിക്കാനാവില്ല.

കള്ള സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ക്രിമിനൽ കേസിലെ പ്രതി കൂടിയായ ഒരു സ്ത്രീയെ മുഖ്യമന്ത്രിയുടെ വകുപ്പിൽ ജോലിക്കെടുത്തത് എങ്ങനെയാണെന്നും ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് വരുംദിവസങ്ങളിൽ കേരളമൊട്ടാകെ സമാധാനപരമായ പ്രക്ഷോപം ബിജെപിയുടെ നേതൃത്വത്തിൽ നടത്തുമെന്നും കെ സുരേന്ദ്രൻ പ്രസ്താവനയിലൂടെ അറിയിച്ചു.