ഇടുക്കി : സഹോദരിയെ പ്രണയിച്ച സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വണ്ടന്മേട് സ്വദേശി രാജ് കുമാർ കൊല്ലപ്പെട്ട കേസിൽ സുഹൃത്ത് പ്രവീൺ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മദ്യത്തിൽ വിഷം കലർത്തി നൽകിയാണ് രാജ്‌കുമാറിനെ പ്രവീൺ കുമാർ കൊലപ്പെടുത്തിയത്. ഈ മാസം 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രവീൺ കുമാറും,രാജ് കുമാറും സുഹൃത്തുക്കളായിരുന്നു. പ്രവീൺ കുമാറിന്റെ സഹോദരിയും രാജ്‌കുമാറും തമ്മിൽ പ്രണയത്തിലായതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാജ്‌കുമാറിനെയും കൊണ്ട് പ്രവീൺ കുമാർ തമിഴ്‌നാട് അതിർത്തിയിലെ വനമേഘലയിൽ എത്തുകയും മദ്യത്തിൽ വിഷം കലർത്തി നൽകുകയുമായിരുന്നു.
വിഷം ഉള്ളിൽച്ചെന്ന രാജ്‌കുമാർ തളർന്ന് വീണതോടെ പ്രവീൺകുമാർ സംഭവ സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു. ഇതിനിടെ രാജ്‌കുമാറിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്ന് സുഹൃത്തായ പ്രവീൺ കുമാറിനെ പോലീസ് ചോദ്യം ചെയ്‌തു. ചോദ്യം ചെയ്യലിൽ പ്രതി രാജ്‌കുമാറിന് മദ്യത്തിൽ വിഷം കലർത്തി നൽകിയതായി കറ്റസമ്മതം നടത്തി. തുടർന്ന് പോലീസ് സംഘം വനമേഘലയിൽ നിന്നും രാജ്‌കുമാറിന്റെ മൃതദേഹം കണ്ടെത്തുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.