സാബു മരിച്ച ശേഷം വീടിന്റെ വാടക പോലും കൊടുക്കാനില്ലാതെ കഷ്ടപ്പെട്ടു , ഇടിവെട്ട് ജാനു എന്ന വേഷത്തോടെ അത്തരം വേഷങ്ങൾക്ക് വേണ്ടിയാണ് പിന്നീട് ആളുകൾ സമീപിച്ചത് ; തുറന്ന് പറഞ്ഞ് ബീന

മലയാള സിനിമയിൽ നിരവധി വേഷങ്ങളിൽ തിളങ്ങിയ നടിയാണ് ബീന കുമ്പളങ്ങി. 1980 കാലഘട്ടത്തിലാണ് ബീന മലയാളം സിനിമകളിൽ നിറഞ്ഞു നിന്നത്. സിനിമ ജീവിതം തുടങ്ങുന്നതിന് മുമ്പേ സ്കൂൾ കോളേജ് കാലഘട്ടത്തിൽ നൃത്തം അവതരിപ്പിച്ച് പേരുകേട്ട കലാകാരി കൂടിയാണ് ബീന. ഒരു വർഷത്തിൽ അധികം കലാഭവനിൽ നൃത്തം പഠിച്ച ബീന പിന്നീട് രണ്ട് മുഖം എന്ന ചിത്രത്തിൽ കൂടിയാണ് സിനിമയിൽ എത്തുന്നത്. തുടർന്ന് നിരവധി അവസരങ്ങൾ ബീനയെ തേടി വരികയും കള്ളൻ പവിത്രൻ, ചാപ്പ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം വഴി പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങുകയും ചെയ്തു. തന്റെ വിവാഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് ബീന ഇപ്പോൾ. മുപ്പത്തിയാറാം വയസിൽ സാബുമായി വിവാഹം കഴിഞ്ഞെന്നും സൗഹൃദമാണ് വിവാഹത്തിൽ എത്തിച്ചതെന്നും താരം പറയുന്നു.

സിനിമയിൽ നിന്നും ഇടവേളയെടുത്ത് നിന്ന തന്നെ വീണ്ടും സിനിമയിൽ എത്തിച്ചത് സാബുവാണ് എന്നാൽ സാബുവിന്റെ മരണ ശേഷം വീട്ട് വാടക കൊടുത്ത് നിൽക്കാനുള്ള പണം പോലും തന്റെ കൈയിൽ ഇല്ലായിരുന്നുവെന്നും അപ്പോഴാണ് തന്റെ അവസ്ഥ ഇടവേള ബാബു മനസിലാക്കിയതെന്നും ബീന പറയുന്നു. ഭർത്താവ് മരിച്ചത് അറിഞ്ഞ് ഓടി വന്ന ഇടവേള ബാബു വീട് വെയ്ക്കാൻ സ്ഥലം നോക്കിക്കോളൂ വീട് വെച്ച് തരാമെന്ന് പറഞ്ഞെന്നും അങ്ങനെയാണ് കുമ്പളങ്ങിയിൽ എത്തിയതെന്നും ഇപ്പോൾ അമ്മ സംഘടന നൽകുന്ന പണം കൊണ്ടാണ് ജീവിച്ചു പോകുന്നതെന്നും താരം പറയുന്നു. മരുന്നിന് പോലും പണം തികയുന്നില്ലെന്നും സിനിമയിൽ അവസരങ്ങൾ ലഭിക്കണമെന്ന് മാത്രമാണ് പ്രാർത്ഥനയെന്നും ബീന പറയുന്നു.

എത്ര സിനിമ ചെയ്‌തെന്ന് ഓർമയില്ലെന്നും 10 വർഷത്തിൽ ഏറെയായി ഒരു സിനിമയിൽ അഭിനയിച്ചിട്ടെന്നും താരം പറയുന്നു. സദാനന്ദന്റെ സമയത്തിലെ ഇടിവെട്ട് ജാനുവിന് ശേഷം അത്തരം വേഷങ്ങളാണ് പിന്നീട് സ്ഥിരം ലഭിച്ചതെന്നും ചതിക്കാത്ത ചന്തു എന്ന സിനിമയ്ക്ക് ശേഷം അവസരം കുറഞ്ഞെന്നും ഇപ്പോൾ ഫീൽഡ് ഔട്ടായ അവസ്ഥയാണ് ഉള്ളതെന്നും ബീന കുമ്പളങ്ങി കൂട്ടിച്ചേർത്തു.