കൊച്ചി: ആലുവ ശിവക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന സിനിമാ ഷൂട്ടിംഗ് ലൊക്കേഷൻ തകർത്ത സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ബജ്രംഗ്ദൾ ജില്ലാ പ്രസിഡണ്ട് പോലീസ് കസ്റ്റഡിയിൽ. ക്രിസ്ത്യൻ പള്ളിയുടെ രൂപസാദൃശ്യത്തിൽ പണിത സൈറ്റ് ലോക്ക് ഡൗൺ മൂലം ഷൂട്ടിംഗ് നിർത്തി വെച്ചിരിക്കുകയായിരുന്നു. എന്നാൽ ഇന്നലെ വൈകിട്ട് രാഷ്ട്രീയ ബജ്റംഗ്ദൾ പ്രവർത്തകർ സ്ഥലത്തെത്തുകയും ഇത് പൊളിച്ചു നീക്കം ചെയ്യുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മലയാറ്റൂർ സ്വദേശിയായ രതീഷാണ് അറസ്റ്റിലായത്.
രതീഷിനൊപ്പമുള്ള മറ്റു നാലുപേരെയും പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നുള്ള കാര്യം ആലുവ റൂറൽ എസ്പി പറഞ്ഞു. രതീഷിനെ അങ്കമാലിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. സിനിമ സൈറ്റ് തകർത്ത സംഭവം സംഘപരിവാറിന് മേൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി സംഘപരിവാറാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്നുള്ള തരത്തിലും വ്യാജപ്രചരണങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ ഇത് നിഷേധിച്ചു കൊണ്ട് ബിജെപി, സംഘപരിവാർ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ യുവജന സംഘടനയായ രാഷ്ട്രീയ ബജ്രംഗ്ദളാണ് ഈ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചത്.