കൊച്ചി : ട്വന്റി 20 പ്രവർത്തകൻ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി സ്റ്റേ ചെയ്തു. ദീപുവിന്റെ പിതാവ് നൽകിയ ഹർജിയിലാണ് നടപടി. നിലവിലെ ജില്ലാ ജഡ്ജിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയുടെ മകളാണ് ജഡ്ജിയെന്നും അതിനാൽ നീതി ലഭിക്കില്ലെന്നും ഹർജി പരിഗണിക്കുന്ന കോടതി മാറ്റണമെന്ന് ആവിശ്യപ്പെട്ട് ദീപുവിന്റെ പിതാവ് നൽകിയ ഹർജി പരിഗണിച്ചാണ് കോടതി പ്രതികളുടെ ജാമ്യ ഹർജി സ്റ്റേ ചെയ്തത്.
കോടതിയിൽ നോട്ടീസ് നൽകാനും മറ്റ് രേഖകൾ നൽകാനും ജഡ്ജ് തയ്യാറാവാത്തതും ചൂണ്ടിക്കാട്ടിയാണ് ദീപുവിന്റെ പിതാവ് ഹർജി നൽകിയത്. ഹർജി സ്റ്റേ ചെയ്തതിന് പിന്നാലെ കേസ് ഡയറി കോടതിയിൽ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകി. ഹർജി മറ്റന്നാൾ വീണ്ടും പരിഗണിക്കും.
കഴിഞ്ഞ മാസമാണ് സിപിഎം പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദീപു മരിച്ചത്. ട്വന്റി 20 യുടെ പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് ദീപുവിനെ സിപിഎം പ്രവർത്തകർ മർദിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. അതേസമയം ദീപുവിന്റെ കുടുംബത്തെ ട്വന്റി 20 ഏറ്റെടുത്തതായി സാബു ജേക്കബ് പറഞ്ഞിരുന്നു.