പിണറായി : സിപിഎം പ്രവർത്തകൻ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഒളിവിൽ കഴിഞ്ഞത് സിപിഎം പ്രവർത്തകന്റെ വീട്ടിൽ. ഹരിദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നിജിൽദാസ് (38) നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിപിഎം പ്രവർത്തകൻ പ്രശാന്തിന്റെ വീട്ടിൽ നിന്നുമാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് പ്രശാന്തിന്റെ ഭാര്യയും അധ്യാപികയുമായ രേഷ്മ (42) യേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സിപിഎം പ്രവർത്തകനായ പ്രശാന്ത് കുറച്ച് കാലമായി വിദേശത്താണ്. മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്നും 200 മീറ്ററോളം മാറിയാണ് പ്രശാന്തിന്റെ വീട്. സിപിഎം ശക്തി കേന്ദ്രമായ പിണറായിയിലെ പ്രശാന്തിന്റെ വീട്ടിലാണ് നിജിൽദാസ് ഈ മാസം പതിനേഴ് മുതൽ ഒളിവിൽ കഴിഞ്ഞത്. പോലീസും പാർട്ടി പ്രവർത്തകരും നിജിൽദാസിന് വേണ്ടി തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഇയാൾ സിപിഎം പ്രവർത്തകന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞത്. സിപിഎം പ്രവർത്തകന്റെ വീട് ആയതിനാൽ ആർക്കും സംശയം തോന്നിയില്ല.
പ്രശാന്തിന്റെ ഭാര്യ രേഷ്മയാണ് നിജിൽദാസിന് വേണ്ടി സഹായം നൽകിയത്. നേരത്തെ വാടകയ്ക്ക് കൊടുത്തിരുന്ന വീട് രേഷ്മ തന്നെയാണ് നിജിൽദാസിന് തുറന്ന് കൊടുത്തതും. വിഷുദിനത്തിലാണ് നിജിൽദാസ് രേഷ്മയോട് ഒളിച്ച് താമസിക്കുന്നതിനായി വീട് വേണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം നിജിൽദാസ് വീട്ടിൽ താമസിക്കുന്ന വിവരം പ്രശാന്ത് അറിഞ്ഞിരുന്നില്ലെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം.