പാലക്കാട് : സിപിഎം പ്രാദേശിക നേതാക്കളുടെ മാനസീക പീഡനത്തെ തുടർന്ന് ആശ വർക്കർ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തലയണക്കാട് കൂടത്തിങ്കൽ സ്വദേശി രവികുമാറിന്റെ ഭാര്യ ഷീജയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആസിഡ് കഴിച്ച് ഗുരുതരമായി പരിക്കേറ്റ ഷീജയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിനടുത്തുള്ള റബർ തോട്ടത്തിൽ നിന്നാണ് ആസിഡ് കഴിച്ച് അബോധാവസ്ഥയിൽ കിടക്കുകയായിരുന്ന ഷീജയെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ച ഷീജയെ പരിശോധിച്ചതിൽ നിന്നും ആസിഡ് കഴിച്ചതാണെന്ന് വ്യക്തമായി. അതേസമയം ഷീജയുടെ ബാഗിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. സിപിഎം നേതാക്കളാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് കുറിപ്പിൽ പറയുന്നു. വാർഡ് അംഗമായ രാജശ്രീ, സിപിഎം നേതാക്കളായ ഹരിദാസ്,ഉണ്ണികൃഷ്ണൻ,അംഗൺവാടി അധ്യാപികയായ ഇന്ദിരാകുമാരി എന്നിവരുടെ പേരും കുറിപ്പിൽ പറയുന്നുണ്ട്. ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ ഒൻപതാം വാർഡിലെ ആശ വർക്കാറായി പ്രവർത്തിച്ചു വരികയായിരുന്നു ഷീജ.
ആശുപത്രിയിൽ കഴിയുന്ന ഷീജയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അതേസമയം ആത്മഹത്യ കുറിപ്പിൽ ഷീജ പറയുന്ന കാര്യങ്ങൾ വാർഡ് അംഗമായ രാജശ്രീ നിഷേധിച്ചു. ആത്മഹത്യ കുറിപ്പിൽ പേരുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവിശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രംഗത്തെത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.