സിപിഎമ്മിന്റെ ആസൂത്രിത കലാപത്തിനുള്ള നീക്കമാണ് കതിരൂരിൽ ബോംബ് നിർമാണത്തിനിടയിൽ ഉണ്ടായ സ്ഫോടനമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ കതിരൂരിൽ ബോംബ് നിർമ്മാണത്തിനിടയിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റ സംഭവം സംസ്ഥാനത്ത് കലാപത്തിന് കോപ്പുകൂട്ടുന്നതിനിടയിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വർണ്ണക്കടത്ത് അടക്കമുള്ള അഴിമതിക്കേസുകളിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിനു സിപിഎം സംസ്ഥാന വ്യാപകമായി ആസൂത്രിതമായ രീതിയിലുള്ള ആക്രമണം അഴിച്ചു വിടുന്നതിനു വേണ്ടിയുള്ള ഗൂഢശ്രമമാണ് നടത്തുന്നതെന്നും കെ സുരേന്ദ്രൻ പ്രസ്താവനയിലൂടെ പറഞ്ഞു.

സി പി എമ്മിന്റെ ശക്തികേന്ദ്രം കൂടിയായ കതിരൂരിൽ വലിയ രീതിയിൽ ബോംബ് നിർമാണം നടത്തുകയും കണ്ണൂരിനെ വീണ്ടും ചോരക്കളമാക്കുന്നതിനു വേണ്ടിയുള്ള ഗൂഢശ്രമമാണ് നടത്തുന്നതെന്നും ഇതിന്റെ ഏറ്റവും വലിയ ശ്രമമാണ് ഈ അപകടത്തിലൂടെ പുറത്തായിരിക്കുന്നതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണൂർ ജില്ലയിലെ ബിജെപി ആർഎസ്എസ് പ്രവർത്തകരുടെ വീടുകളുടെ ചുമരുകളിൽ പ്രത്യേകരീതിയിലുള്ള അടയാളം ഇട്ടിരുന്നത് ഇതിന്റെ ഭാഗമാണെന്ന് വേണം സംശയിക്കാൻ. സിപിഎം പ്രതിസന്ധിയിലാകുമ്പോൾ എല്ലാകാലത്തും രാഷ്ട്രീയ കലാപം ഉണ്ടാക്കാനുള്ള ശ്രമം നടത്താറുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. കൂടാതെ കതിരൂരിലെ ബോംബ് നിർമ്മാണത്തെ പറ്റി സമഗ്രമായ രീതിയിലുള്ള അന്വേഷണം വേണമെന്നും അതിന് പൊലീസ് തയ്യാറാകണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.