കല്പറ്റ: സിസ്റ്റർ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. കാരക്കാമല മതത്തിനുള്ളിൽ സുരക്ഷിതമായി തനിക്ക് ജീവിക്കുന്നതിനു വേണ്ടിയുള്ള സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മഠത്തിൽ സുരക്ഷിതമായ രീതിയിൽ ജീവിക്കാനുള്ള സാഹചര്യം വേണമെന്നും പ്രൊവിൻഷ്യൽ സുപ്പീരിയർ നിന്നടക്കം ഭീഷണിയുണ്ടെന്ന ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്.
സംസ്ഥാന സർക്കാർ, വയനാട് ഡിജിപി, വെള്ളമുണ്ട സ്റ്റേഷൻ ഓഫീസർ, എഫ് സി സി സുപ്പീരിയർ ജനറൽ സി ആൻഡ് ജോസഫ്, കാരക്കാമല എഫ്സിസി മദർ സുപ്പീരിയർ സി ലിജി മറിയ, കാരക്കാമല വികാരിയായിരുന്ന ഫാദർ സ്റ്റീഫൻ കോട്ടക്കൽ, മാനന്തവാടി രൂപത പിആർഒ ഫാദർ നോബിൾ തോമസ് എന്നിവരെ എതിർകക്ഷികൾ ആക്കിയാണ് ലൂസി കളപ്പുരക്കൽ കോടതിയെ സമീപിച്ചത്. തന്നെ മഠത്തിനുള്ളിൽ ഒറ്റപ്പെടുത്തുകയാണെന്നും ഭക്ഷണംപോലും നിഷേധിക്കുകയാണെന്നും ലൂസി കളപ്പുരക്കൽ ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തിൽ പോലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും കൈക്കൊള്ളാത്ത സാഹചര്യത്തിൽ കോടതിയെ സമീപിക്കുകയായിരുന്നുവെന്ന് ലൂസി കളപ്പുരയ്ക്കൽ പ്രസ്താവനയിലൂടെ അറിയിച്ചു. കുറ്റവാളികളെ സംരക്ഷിക്കുന്ന കത്തോലിക്കസഭയുടെ നിലപാടുകൾ മാറ്റിക്കൊണ്ട് ഇനിയെങ്കിലും സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളാൻ തയ്യാറാകണമെന്ന് ലൂസി കളപ്പുരയ്ക്കൽ ആവശ്യപ്പെട്ടു.