സുപ്രീം കോടതിയും കൈവിട്ടു ; കീഴടങ്ങുകയാണെന്നും നമ്മൾ ശരിയാണെന്ന് കാലം തെളിയിക്കുമെന്നും രഹ്നഫാത്തിമ

കൊച്ചി: സ്വന്തം നഗ്നശരീരത്തിൽ പ്രായപൂർത്തിയാകാത്ത മകളെ ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കുകയും ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റ് രഹന ഫാത്തിമ ഇന്ന് വൈകിട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാക്കും. സംഭവവുമായി ബന്ധപ്പെട്ട് രഹന ഹൈക്കോടതിക്കു മുൻപാകെ മുൻകൂർ ജാമ്യാപേക്ഷ നൽകുകയും അത് തള്ളിയതിനെ തുടർന്ന് സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകുകയായിരുന്നു.

ഇതും തള്ളിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ രഹന ഹാജരാകുന്നത്. തുടർന്നുള്ള അന്വേഷണത്തോടും നിയമനടപടികളോടും പൂർണമായും സഹകരിക്കുമെന്നും രഹന ഫാത്തിമ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. രഹന ഫാത്തിമ സുപ്രീം കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ ജസ്റ്റിസ് അരുൺ മിശ്ര എന്ത് സംസ്കാരമാണിതെന്ന് ചോദിക്കുകയും അമ്പരിപ്പിക്കുന്ന കേസാണിതെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ സുപ്രീംകോടതി ജാമ്യം നിഷേധിച്ചതിനൊപ്പം കുട്ടികൾക്കെതിരെയുള്ള ലൈം-ഗിക അതിക്രമത്തിന്റെ പരിധിയിൽ ഈ കേസ് വരുമെന്ന് വ്യക്തമാക്കുകയുണ്ടായി. തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ കീഴടങ്ങാൻ രഹന ഫാത്തിമ തയ്യാറായത്.

സാമൂഹിക മാറ്റത്തിനും ലിംഗ സമത്വത്തിനും സ്ത്രീശരീരത്തെ അമിത ലൈംഗികവത്കരണത്തിന് എതിരെയും പോരാടാൻ പിന്തുണ നൽകിയ എല്ലാവരോടും സ്നേഹം. നമ്മൾ ആയിരുന്നു ശരിയെന്ന് കാലം തെളിയിക്കട്ടെ എന്നും രഹ്നഫാത്തിമ ഫേസ്‌ബുക്കിൽ കുറിച്ചു.