സുരേഷ് റെയ്‌നയുടെ കുടുംബത്തിന് നേരെ ആക്രമണം ; ആക്രമണത്തിൽ സഹോദരി ഭർത്താവ് കൊല്ലപ്പെട്ടു

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അംഗമായ സുരേഷ് റെയ്നയുടെ കുടുംബത്തിലെ അഞ്ച് ബന്ധുക്കൾക്ക് നേരെ അജ്ഞാത സംഘം ആക്രമണം നടത്തി. ആക്രമണത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുരേഷ് റെയ്നയുടെ പിതാവിന്റെ സഹോദരി ഭർത്താവ് കൊല്ലപ്പെട്ടു. ഭാര്യയും അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ രണ്ട് മക്കൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർക്ക് നേരെ ആക്രമണം നടന്നത് ഓഗസ്റ്റ് 19 നാണെന്നാണ് പുറത്തുവരുന്ന വിവരം.

വീടിന്റെ ടെറസിൽ ഉറങ്ങിക്കിടന്ന കുടുംബാംഗങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയത്. കുപ്രസിദ്ധ കുറ്റവാളി കാലെ കച്ചേവാലയുടെ സംഘാഗങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് നൽകുന്ന സൂചന. സംഘം മോഷണ ശ്രമം നടത്തിയതായും ഇതിനിടയിലാണ് ആക്രമണം നടത്തിയതെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ ആക്രമണം നടന്ന് 10 ദിവസങ്ങൾ പിന്നിട്ടിട്ടും ഇതുവരെയും അക്രമികൾക്കെതിരെ നടപടിയെടുക്കുകയോ അവരെ പിടികൂടാനോ സാധിച്ചിട്ടില്ല.

അക്രമികളുടെ പക്കൽ മാരകായുധങ്ങൾ ഉണ്ടായിരുന്നതായും ഇതു ഉപയോഗിച്ചാണ് ക്രൂരമായ രീതിയിലുള്ള ആക്രമണം നടത്തിയത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഐപിഎൽ യു എ ഇ ലേക്ക് മാറ്റിയ സാഹചര്യത്തിൽ അവിടെയെത്തിയിരിക്കുകയായിരുന്നു സുരേഷ് റെയ്ന. എന്നാൽ തന്റെ വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ട് ഇന്ത്യയിലേക്ക് മടങ്ങിയതായി സുരേഷ് റെയ്നയുടെ ടീമായ ചെന്നൈ സൂപ്പർ കിംഗ്സ് അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് ഈ സീസണിൽ സുരേഷ് റെയ്ന കളിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Also Read  ഫെബ്രുവരി 23 ന് ഡൽഹിയിൽ നടക്കുന്ന മാരത്തോണിന് സച്ചിൻ ടെണ്ടുൽക്കർ ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു

തുടർന്നാണ് സുരേഷ് റെയ്നയുടെ കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ആക്രമണത്തെ തുടർന്ന് സുരേഷ് റെയ്നയുടെ അങ്കിൾ അശോക് കുമാർ (58) കൊല്ലപ്പെട്ടു. ഇവരുടെ മക്കളായ കൗശൽ കുമാർ(32), അപിൻ കുമാർ (24) എന്നിവർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. ആക്രമണത്തിനിരയായത് സുരേഷ് റെയ്നയുടെ അടുത്ത ബന്ധുക്കളാണെന്നുള്ള വിവരം പുറത്തുവന്നതിനെ തുടർന്ന് പോലീസ് സംഘം അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.