സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിന് പിന്നിൽ അട്ടിമറിയെന്ന് ആരോപിച്ച് ബിജെപിയും കോൺഗ്രസും

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് വഴി നടന്ന സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ കേരളമൊട്ടാകെ നടക്കുമ്പോൾ സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസിൽ തീപിടിച്ച സംഭവത്തിൽ വൻ അട്ടിമറിയെന്ന് ആരോപിച്ച് ബിജെപിയും കോൺഗ്രസും രംഗത്ത്. തെളിവുകൾ നശിപ്പിക്കുന്നതിനു വേണ്ടിയുള്ള ഗൂഢശ്രമമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിനുവേണ്ടി തെളിവുകൾ നശിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വിദേശയാത്രയുമായി ബന്ധപ്പെട്ടുള്ള ഫയലുകളും പൊളിറ്റിക്കൽ ക്ലീയറൻസുകളും ഉൾപ്പെടെയുള്ള രേഖകൾ ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവിടെയാണ് തീപിടുത്തമുണ്ടായിരിക്കുന്നത്.

എന്നാൽ ഇതിന് പിന്നിൽ പ്രതികളെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിനുവേണ്ടി തെളിവുകൾ നശിപ്പിക്കുന്നതിനുള്ള ശ്രമമാണ് സംസ്ഥാന സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. അന്വേഷണം മുഖ്യമന്ത്രി യിലേക്ക് എത്തുമോയെന്നുള്ള ഭയമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സമഗ്രമായ രീതിയിലുള്ള അന്വേഷണം വേണം. മന്ത്രി കെടി ജലീലുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ നശിപ്പിക്കുന്നതിന് വേണ്ടിയുള്ള ഗൂഢശ്രമമാണ് തീപിടുത്തത്തിന് പിന്നിലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.