സെക്രട്ടറിയേറ്റിൽ ഉണ്ടായത് സാധാരണ തീപിടുത്തം മാത്രമെന്ന് ജി സുധാകരൻ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ നടന്നത് ഒരു സാധാരണ തീപിടുത്തം മാത്രമാണെന്ന് മന്ത്രി ജി സുധാകരൻ. കെട്ടിടം പഴയതാണെന്നും ഇത്തരത്തിൽ 2005 ലും ഇവിടെ തീപിടുത്തം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. പിഡബ്ല്യുഡിയുടെ പ്രാഥമിക റിപ്പോർട്ട് അനുസരിച്ച് ഫാനിൽ നിന്നും ഉണ്ടായ തീപിടുത്തമാണ്. ഇലക്ട്രിക്കൽ എൻജിനീയറുടെ റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ ഇതു സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റിലെ ചില രേഖകൾ നശിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് നടത്തിയിട്ടുള്ളതെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read  വിഴിഞ്ഞം സംഘർഷം ; കേന്ദ്രസേന വരുന്നത് ഭരണകൂട പരാജയത്തിന്റെ തെളിവെന്ന് ഫാദർ യൂജിൻ പെരേര

കൂടുതൽ അന്വേഷണം നടത്തുന്നതിനായി വിദഗ്ദ്ധസമിതിയുണ്ടെന്നും പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീപിടുത്തമുണ്ടായതെങ്ങനെ എന്നുള്ള കാര്യം വിശദമായി പരിശോധിക്കണമെന്നും എന്നാൽ ഇതിന്റെ പേരിൽ പ്രതിഷേധം നടത്തുന്നവർക്ക് വെറും നഷ്ടക്കച്ചവടം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിന്റെ മുഴുവൻ ആരോപണങ്ങൾക്കും മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയിട്ടുണ്ട്. മാധ്യമങ്ങൾ ക്യാമറക്കണ്ണുകൾ സർക്കാരിന്റെ വികസനപ്രവർത്തനങ്ങളിലേക്ക് തിരിക്കണമെന്നും ജി സുധാകരൻ ആവശ്യപ്പെട്ടു.